Wednesday, 23 July 2008

ചൊറിയണം പരിപ്പിട്ടുകറി


(ortica/nettle -
സ്വിസ്സ് മലനിരകളില്‍ കൂട്ടമായ് വളരുന്ന ചൊറിയണം...ഒരു മഹാസദ്യക്കുള്ള വകയുണ്ട്... മലകയറി പടം‌മെടുത്തത് ബ്ലോഗര്‍ കുഞ്ഞന്‍സ്)


'ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്....
അതില്‍ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍.....'
എന്നൊക്കെ പാടി കെട്ട്യോള് ബഡ്റൂമിലു കുട്ടീനെ ഉറക്കാന്‍ ശ്രമിക്കണ ഒരു ഉച്ചനേരത്ത് ഞാന്‍ അടുക്കളയില്‍ ചൊറിയണം കൊണ്ട് ഒരു പാസ്ത ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു....

അടുക്കളത്തോട്ടത്തില്‍ വിളിക്കാതെ വിരുന്നുവന്നതാണ് ചൊറിയണം.... കാശുകൊടുത്തു വിത്തുവാങ്ങി പാകി മുളപ്പിച്ചു ദിവസവും രണ്ടുനേരം നനച്ചും ഇടയ്ക്കൊക്കെ വളം ചെയ്തും തൊട്ടും തലോടിയും പരിപാലിച്ചു കൊണ്ടിരുന്ന തുളസി, വഴുതന, ലറ്റൂച്, തക്കാളി എന്നിവയൊക്കെ വളരണോ വേണ്ടയോ...വളരണോ വേണ്ടയോ എന്ന് ചിന്തിച്ചു നില്‍ക്കണ നേരത്ത് ഒരു ചെലവുമില്ലാതെ വന്നുകയറിയ ചൊറിയണം തഴച്ചുവളരുന്നു. അതിനു വെള്ളവും കൊടുത്തില്ലാ വളവും കൊടുത്തില്ലാ... തൊടാനും തലോടാനും പോയിട്ട് അതിനെ ഒന്നു പിഴുതുകളയാന്‍ അടുത്തേയ്ക്ക് പോകാന്‍ തന്നെ പേടി, നാട്ടുകവലയില്‍ വച്ചുതന്നെ ഇവനെ എനിക്ക് പരിചയമുണ്ട്. ഞങ്ങളുടെ തൊടിയില്‍ ഈ ജാതി 'സ്ക്രാച്ചിത്തുമ്പകള്'‍ ധാരാളമുണ്ടായിരുന്നു.


എന്തിനാണീശ്വരാ വെറുതെ ചൊറിയാന്‍ മാത്രമായീട്ട് ഒരു ചെടിയെ അവിടുന്നു ഭൂമിയില്‍ സൃഷ്ടിച്ചത്.... ഒരു വെറൈറ്റി ഇരിക്കട്ടെ എന്നോര്ത്തായിരുന്നെങ്കില്‍ വല്ലപപ്പടമോ അവുലോസുണ്ടയോ കായ്ക്കുന്നമരം സൃഷ്ടിച്ചുകൂടായിരുന്നോ?... അല്പഞ്ജാനിയായ ഞാന്‍ ഇങ്ങനെ ദൈവനിന്ദ വെറുതെ ഒന്ന് ഓര്‍ത്തതെയൊള്ളു ഗാര്‍ഡനിലെ പൈപ്പ് പൊട്ടി....

'അയ്യയ്യാ ബീഗാലാന്റ്...ബീഗാലാന്റ് ...' എന്നും പറഞ്ഞ് അപ്പുറത്തെവീട്ടിലെ മാത്യൂച്ചായന്റെ പനിപിടിച്ചുകിടന്ന മൂന്നുവയസുകാരന്‍ ഓടിവരുന്നു...

'കേ...സൂചേസോ.???.' (എന്തൂട്ടാ സംഭവം) എന്നും ചോദിച്ച് താഴത്തെ നിലയില്‍ താമസിക്കുന്ന വഴക്കാളി ഇറ്റാലിയന്‍ വെല്യമ്മ....


അയ്യൊ ..ഞാന്‍ ഒന്നും ചെയ്തതല്ലാ...എന്റെകുറ്റമല്ലാ എന്നൊക്കെ ഞാന്‍ വിളിച്ചുപറയുന്നുണ്ടെങ്കിലും ചെറിയ ഒരു കുറ്റബോധം ഇല്ലാതിരിന്നില്ലാ.....ദൈവത്തിന്റെ സൃഷ്ടിയുടെ പോരായ്കയെപ്പറ്റി മനസ്സിലെങ്കിലും ഓര്‍ത്തില്ലെ....

ആരൊക്കെയോ സഹായിച്ച് വെള്ളം നിര്‍ത്തി. പൊട്ടിയ പൈപ്പ് മാറിയിടാന്‍ വന്ന പ്ലമ്പര് മണ്ണുകുഴിക്കുന്നതിനുമുമ്പ് എന്നോട് പറഞ്ഞു.... ഈ ഓര്‍ത്തിക്ക (ortica/nettle) ഒക്കെ പറിച്ചെടുത്തോളു...അല്ലെങ്കില്‍ മണ്ണെടുക്കുമ്പോള്‍ നഷ്ടപ്പെട്ടുപോകും...
ചൊറിയണം കാര്യമായിട്ട് പറിച്ചെടുത്ത് വയ്ക്കാന്‍ ഇയാള്‍ പറയുന്നതു കേട്ട് ഞാന്‍ അമ്പരന്നുപോയ്....എന്തിനാ ചേട്ടാ...വെറുതെ എന്നെ ചൊറിയാന്‍ വരുന്നത്.

എനിക്ക് ചൊറിയണത്തെ പറ്റി വെറും തെറ്റായ ധാരണകളെയൊള്ളു എന്നു മനസ്സിലാക്കിയ ആ നല്ലമനുഷ്യന്‍ പണിയെല്ലാം നിര്‍ത്തി ഒരു നീണ്ട ക്ലാസ്സുതന്നെ എടുത്തു... എല്ലാം ഒരു നിമിത്തമായിരുന്നു എന്ന് എനിക്കും ബോധ്യമായ്....

ചൊറിയണം വളരെ രുചികരമാണെന്നും പോഷകങ്ങളുടെ കലവയാണെന്നും പലതരം ഇറ്റാലിയന്‍ വിഭവങ്ങളില്‍ ചൊറിയണ്ണന്‍ പങ്കാളിയാണെന്നതും പുതിയ അറിവായിരുന്നു. എല്ലാവിധ ത്വക്‌രോഗങ്ങള്‍ക്കും ഇതൊരൗഷധം ആണെന്നും ഇങ്ങേരുപറഞ്ഞപ്പോള്‍ എനിക്ക് മറിച്ചുചിന്തിക്കാന്‍ തോന്നിയില്ലാ.... വെയിലേറ്റു തിളങ്ങുന്ന മിനുമിനുത്ത സുന്ദരചര്‍‍മ്മവുമായ് ചേട്ടന്‍ മുന്നില്‍ നില്‍ക്കുന്നു...ജീവിക്കുന്ന ഉദാഹരണംപോലെ. മുടിപൊഴിച്ചിലിനു ഇതിലും നല്ല മരുന്നില്ലാ എന്നു പറഞ്ഞത് അത്രയങ്ങ് വിശ്വസിക്കാനും തോന്നീലാ ....ചേട്ടന്റെ തലയില്‍ മുടി തീരെയില്ലാ!!!

ചൊറിയണം ഞാന്‍ പരീക്ഷിച്ചു.... ഒത്തിരി ഒത്തിരി രീതീല്‍ പരീക്ഷിച്ചു.... എനിക്ക് ഒത്തിരി ഇഷ്ടമായ്, നാട്ടുകവലയില്‍ കാടുപിടിച്ചു വളര്‍ന്ന ചൊറിയണങ്ങളെ വെറുതെ നഷ്ടപ്പെടുത്തിയതില്‍ ഞാനിന്നു നിരാശനാണ്-ഗൂഗിളില്‍ പോയ് ഒന്നു തിരഞ്ഞപ്പോഴല്ലെ ഈ ചൊറിയണം നമ്മുടെ ആയൂര്‍‌വേദത്തിലും വേരുറപ്പിച്ചിരിക്കുന്നു എന്നുകണ്ടത്!!!...


സപഗേത്തി കോണ്‍ ഓര്‍ടിക അഥവ ചൊറിയണന്യൂഡില്‍സ്...

ആവശ്യമുള്ള സാധനങ്ങള്‍...

സപഗേത്തി - 200 ഗ്രാം
ചൊറിയണത്തിന്റെ ഇലകള്‍ (തളിരിലകളാണെങ്കില്‍ വിശേഷം..) - 100 ഗ്രാം
വെളുത്തുള്ളി - ഒരല്ലി
എണ്ണ, ഉപ്പ്, ആവശ്യത്തിനു
ആളുകള്‍ - 2 ( പാസ്ത കഴിക്കാന്‍)
കൈച്ചിരവ - 1 ചെറിയ തരം. (കയ്യുറ ഉപയോഗിക്കതെ ചൊറിയണത്തെ കൈകാര്യം ചെയ്യുന്നവര്‍ക്ക് )

പാചകം ചെയ്യുന്ന വിധം,

ചൊറിയണ ഇലകള്‍ കഴുകി ഒരു പാത്രത്തിലിട്ട് നികക്കെ വെള്ളമൊഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. പത്തുമിനിറ്റ് തിളച്ചുകഴിഞ്ഞാല്‍ ചൊറിയണത്തെ വെള്ളത്തില്‍ നിന്നും തിരിച്ചെടുക്കണം. എന്നിട്ട് ചൊറിയണം പുഴുങ്ങിയെടുത്ത അതെ വെള്ളത്തില്‍ സപഗേത്തിയും വേവിക്കുക.

ഈ സമയത്ത് ഒരു പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി മൂപ്പിച്ചതിനു ശേഷം പുഴുങ്ങിയെടുത്ത ചൊറിയണം ചേര്‍ത്ത് വഴറ്റി സോസ് റെഡിയാക്കാം. സപഗേത്തി വെന്തുകഴിയുമ്പോള്‍ ബാക്കിവരുന്ന വെള്ളം ഊറ്റിക്കളഞ്ഞിട്ട് സോസില്‍ മിക്സ്ചെയ്യാം...

വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു പാസ്തയാണിത്...വെറും 18 മിനിറ്റിനുള്ളില്‍ ആഹാരം ഉണ്ടാക്കി കഴിച്ച് പാത്രവും കഴുകിവയ്ക്കാം...


ചൊറിയണം പരിപ്പിട്ടുകറി

ആവശ്യമുള്ള സാധനങ്ങള്‍

പരിപ്പ് - 100 ഗ്രാം
ചൊറിയണം - ഒരു പിടി
സബോള - 1
വെളുത്തുള്ളി -1അല്ലി
കറിവേപ്പില - 1 തണ്ട്
ഉപ്പ്, മുളകുപൊടി, എണ്ണ - ആവശ്യത്തിനു

പാചകം ചെയ്യുന്ന രീതി....

പരിപ്പ് വെള്ളം കൂടുതലൊഴിച്ചു വേവിക്കുക പാതി വേവു കഴിയുമ്പോള്‍ കഴുകി വൃത്തിയാക്കിയ ചൊറിയണത്തിന്റെ ഇലയും ഉപ്പും ചേര്‍ത്ത് 10 മിനിറ്റു കൂടി വേവിക്കുക്ക. വെള്ളം തീരെ പറ്റാതെ നോക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കി പൊടിയായ് അരിഞ്ഞ സബോളയും വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിക്കുക. സബോള ബ്രൗണ്‍ നിറം ആകുമ്പോള്‍ മുളകുപൊടിയും ചേത്ത് ഇളക്കുക കരിയാതെ സൂക്ഷിക്കണം.... അതിനു ശേഷം വെന്തുടഞ്ഞ പരിപ്പും ചൊറിയണവും ചേര്‍ത്ത് ഇളക്കി അടുപ്പത്തുനിന്നു താഴെയിറക്കാം. ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ ഈ കറി ഉപയോഗിക്കാം.

Sunday, 18 May 2008

മെക്സപെന്നെ കോണ്‍ അസ്പാരജി(ഇത് മെക്സപെന്നെ)
(ഇത് അസ്പാരജി)

ആഹാരം ഉണ്ടാക്കുന്ന കാര്യത്തിലെന്നപോലെ കഴിക്കുന്ന കാര്യത്തിലും എന്തുപരീക്ഷണത്തിനും മുതിരാന്‍ ഞാന്‍ തയ്യാറാകും, ഇക്കാര്യത്തില്‍ ഞാന്‍ സ്ഥലകാലാരോഗ്യ പരിമിതികളൊന്നും നോക്കാറില്ലാ. ഇങ്ങോട്ട് പിടിച്ചു കടിക്കുകയും മാന്തുകയും ചെയ്യാത്ത എന്തിനെയും കഴിക്കുന്ന ശീലക്കാരനാണ്ഞാന്‍ (എന്നുപറഞ്ഞാല്‍ പാമ്പ്, പട്ടി, പൂച്ച ഒഴികെയുള്ളതെല്ലാം).

ഈ പരീക്ഷണജീവിതം വല്യ ഏനക്കെടില്ലാതെ കൊണ്ടുപോകുന്നതിനിടയില്‍ ഒരിക്കല്‍ ശരീരം പ്രതികരിച്ചു. സംഭവം ഇങ്ങനെ. ഇറ്റലിയില്‍ വന്നിട്ട് എകദേശം രണ്ടുമാസമായിട്ടുണ്ടാവും... തനിയെ കാഴ്ചകള്‍ കണ്ട് രസിച്ച് ചുറ്റിനടക്കുന്നതിനിടയില്‍ ഒരു റെസ്റ്റോറന്റിന്റെ മുമ്പിലൂടെ കടന്നുപോവുകയാണ്... ഉച്ചത്തിരക്കിന്റെ നേരം. ഇവിടുത്തെ പതിവനുസരിച്ച് കടയുടെ ഉള്ളിലിരുന്നു കഴിക്കുന്നതിലും ആളുകള്‍ക്കു താല്പര്യം വെളിയില്‍ ഇരുന്നു കഴിക്കാനാണ്. ഇതുപോലുള്ള റെസ്റ്ററന്റുകളുടെ വെളിയിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ ആളുകള്‍ എന്താണ് കഴിക്കുന്നതെന്ന് നോക്കാറില്ലാ(മോശല്ലെ).... പക്ഷെ കാണും... (നോക്കാതെ കാണുന്ന ഒരു ശീലം എനിക്ക് പണ്ടിനാലെ ഉണ്ട്). ഒരു മച്ചമ്പി ഇരുന്ന് മുരിങ്ങാക്കായ് പോലുള്ള എന്തോ ഒന്നുകഴിക്കുന്നു.... ആരവിടെ...ഇറ്റലിയന്‍ റെസ്റ്ററന്റില്‍ ഡ്രംസ്റ്റിക്കോ!!! ഞാന്‍ പോയപോക്കിനു പോകാതെ റിട്ടേണ്‍ അടിച്ച് വീണ്ടും വന്നു... ഇത്തവണ ഒന്നു പാളിനോക്കി...മുരിങ്ങാക്കായ് അല്ല...പക്ഷെ അതുപോലെ ഇരിക്കുന്ന എന്തോ ഒന്ന്... ഇതുവരെ കണ്ടിട്ടില്ലാത്ത സാധനം.

ഒന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം....
പലഭാഷയില്‍ പറഞ്ഞിട്ടും എന്താണെനിക്കു വേണ്ടെതെന്ന് സപ്ലയര്‍ക്ക് മനസ്സിലായില്ലാ. എനിക്കീ സംഭത്തിന്റെ പേരറിയില്ലാലൊ...അറ്റകൈക്കു ചൂണ്ടിക്കാണിക്കേണ്ടിവന്നു..
അടുത്തുവന്നപ്പോല്‍ മുരിങ്ങാക്കായുമായ് വല്യബന്ധമില്ലാത്ത ഒരു സംഗതി ആണെന്നു മനസിലായ്. അതിന്റെ പേര് 'അസ്പാരജി' എളുപ്പത്തിനു ഞാന്‍ അതിനെ 'അപ്സര ജി' എന്നു വിളിക്കും...സംഭവം സൂപ്പര്‍...
അതുകഴിച്ചു... പച്ചവെള്ളത്തിനു ബിയറിനേക്കാളും വിലആയതിനാല്‍ മാത്രമാണ് ബിയറുവാങ്ങിക്കഴിച്ചത്.

ബില്ല് പേചെയ്തുകഴിഞ്ഞ് ഞാന്‍ ബുദ്ധിപൂര്‍വ്വം ആ റെസ്റ്ററന്റിലെ തന്നെ ടോയിലറ്റ് ഉപയോഗിച്ചു. ബിയറാണ് കുടിച്ചിരിക്കുന്നത്... ഇവിടെനിന്നും പുറത്തിറങ്ങിക്കഴിഞ്ഞ് ഒന്നു മൂത്രമൊഴിക്കണമെന്നുതോന്നിയാല്‍ രണ്ടു ടിന്‍ ബിയറിന്റെ കാശുചെലവാക്കെണ്ടിവരും.

സാധാരണഗതിയില്‍ തീര്‍ത്തും സന്തോഷകരമായ് യൂറിന്‍ പാസ്സ് ചെയ്യുന്ന എന്നെ ഞെട്ടിച്ചുകൊട്...വളരെ രൂക്ഷഗന്ദമുള്ള യൂറിനാണ് പുറത്തുവരുന്നത്.


അയ്യോ..എനിക്ക് എന്തോ സംഭവിച്ചു...ദൈവമെ എന്റെ കിഡ്നി നിന്നനിപ്പില്‍ അടിച്ചുപോയോ...ഭഷ്യവിഷബാധാ...

നിനക്കിതുവേണമെടാ...വായും വയറും നോക്കാതെ കണ്ടവസ്തുക്കളെല്ലാം വലിച്ചുകയറ്റുന്ന നിനക്കിതുതന്നെ വേണം.... എന്റെ അന്തക്കരണം എന്നെ കുറ്റപ്പെടുത്താന്‍ ആരംഭിച്ചു...
എനിക്ക് തലകറങ്ങിവീണാലോ എന്നുതോന്നി... എന്തൊക്കെയൊ രാസപ്രവര്‍ത്തനവും മാറ്റങ്ങളും എന്റെ ഉള്ളില്‍ നടക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.... വളരെ കടുത്ത എന്തോ ഒരു ആസിഡാണ് മൂത്രത്തിനു പകരം പുറത്തുവരുന്നത്.


ഒരു പ്രകാരത്തില്‍ ഞാന്‍ പുറത്തിറങ്ങി... എനിക്കുമുമ്പെ അസ്പാരജി കഴിച്ച പലരും പയ‌റുപോലെ നടന്നുപോകുന്നതുകണ്ടപ്പോള്‍ ഞാന്‍ ഒരു നിഗമനത്തിലെത്തി ... ഇത് ആഹാരത്തിന്റെ കുറ്റമല്ലാ...എന്റെ ആന്തരീകാവയവങ്ങളും അസ്പാരജിയും തമ്മില്‍ ഉണ്ടായ ചില ധാരണപിശകുകളുടെ അനന്തരഫലമാണ്.
ഉടന്‍ തന്നെ കൂട്ടുകാരന്‍ മനുവിനെ വിളിച്ച് കാര്യം പറഞ്ഞു...
അവന്‍ ഇവിടെ ഡോക്ടറാകാന്‍ പഠിക്കുവാണല്ലോ...
അസ്പാരജി തിന്നിട്ട് മൂത്രത്തിനു രൂക്ഷഗന്ധം ഉണ്ടായില്ലങ്കിലാണ് പേടിക്കേണ്ടത് എന്ന് മനു പറഞ്ഞപ്പോഴാണ് ആശ്വാസമായത്...

ഇനീം നീ പരീക്ഷണങ്ങള്‍ക്കു മുതിരുമോ എന്ന് അന്തക്കരണം ചോദിച്ചപ്പോല്‍... ഞാന്‍ എന്റെ സൗകര്യം പോലെ പരീക്ഷണം നടത്തും നീ പോടാ കൊരങ്ങെ ...എന്ന് ഞാന്‍ എന്റെ അന്തക്കരണത്തോട് തിരിച്ചടിച്ചു.

അതിനു ശേഷമാണ് ഞാന്‍ അസ്പാരജി ഗവേഷണം ആരംഭിച്ചത്...
അസ്പാരജി കഴിച്ച് പത്തുമിനിറ്റിനുള്ളില്‍ അസ്പാര്‍ട്ടിക്കൊ എന്ന ആസിഡ് ശരീരത്തില്‍ ഉണ്ടാകുന്നു. ഇത് മൂത്രത്തില്‍ കലരുമ്പോഴാണ് ദുര്‍ഗന്ദമുണ്ടാകുന്നത്.

ഗാര്‍ഡനില്‍ ഞാന്‍ കുറേ അസ്പാരജി നട്ടു... മുടങ്ങാതെ നനച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ ചെറുവിരലിന്റെ മുഴുപ്പുള്ള മുളകള്‍ മണ്ണ് പിളര്‍ന്ന് കയറിവരുന്നു... ആദ്യത്തെ വര്‍ഷം ഉണ്ടാകുന്ന മുളകള്‍ ഭക്ഷണ യോഗ്യമല്ലാ എന്ന് ഇവിടുള്ള കൃഷിക്കാര്‍ പറഞ്ഞതുകൊണ്ട് ഞാന്‍ അതിനെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചില്ലാ....
ചെറുവിരലിന്റെ മുഴുപ്പില്‍ കയറിവന്ന മുളകള്‍ ഒരു ചാണ്‍ നീളത്തില്‍ മണ്ണിനു മുകളില്‍ വളര്‍ന്ന ശേഷം പതിയെ ഇലയും തണ്ടും ഒക്കെയായ് വളരാന്‍ തുടങ്ങി... പിന്നെ വള്ളിപോലെ അതൊരു പോക്കാരുന്നു...ഇലകള്‍ പൂക്കള്‍ ചെറിയ കായ്കള്‍... അപ്പോള്‍ ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടെ ഞെട്ടി...കാരണം നമ്മുടെ നാട്ടിലൊക്കെ കല്യാണപ്പെണ്ണിന്റെ ബൊക്കയില്‍ മോടികൂട്ടാന്‍ ഉപയോഗിക്കുന്ന എവര്‍ഗ്രീന്‍ എന്ന ഇലകളില്ലെ ... അതും അസ്പാരജിയും ഒന്നുതന്നെ.

ധൈര്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍...എവര്‍ഗ്രീന്‍ എന്ന ചെടിയുടെ മുളകള്‍ പൊട്ടിവരുന്നത് ഒരു ചാണ്‍ നീളത്തില്‍ മുറിച്ച് പുഴുങ്ങിത്തിന്നു...എന്നിട്ട് മൂത്രമൊഴിച്ചുനോക്കു... അസ്പാര്‍ട്ടിക്കോ ആസിഡ് വന്നില്ലെങ്കില്‍ എന്നെ ദേ...ഇങ്ങനെ വിളിച്ചോ...

ഇനി ഒരു അപ്സരാ ജി പാസ്ത ഉണ്ടാക്കി കാണിക്കാം...

മെക്സപെന്നെ കോണ്‍ അസ്പാരജി
(അന്‍സാരികള്‍...)

1. മെക്സപെന്നെ - 400 ഗ്രാം
(ഒരു തരം പാസ്ത...ഫൗണ്ടന്‍പേനയുടെ നിബ് പോലെ ചരിച്ചുവെട്ടിയ ഷേപ്പാണ് ഇതിനു അതിനാല്‍ ഈ പേരുപറയുന്നു...എന്താ മനുഷ്യന്റെ ബുദ്ധി)
2. അസ്പാരജി - 400 ഗ്രാം ‍
3. വെളുത്തുള്ളി - 1അല്ലി
4. തക്കാളി - 2 എണ്ണം
5. ഒലിവോയില്‍ (എ.വേ) - ആവശ്യത്തിനു
6. ഉപ്പ് -ആവശ്യത്തിനു

പാചകം ചെയ്യേണ്ടവിധം

തക്കാളി തിളപ്പിച്ച് കുരുവും തൊലിയും കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിയുക. അസ്പാരജി നന്നായ് കഴുകി ഒരിഞ്ചുനീളത്തില്‍ അളന്നുമുറിക്കുക.

സോസ് തയ്യാറാക്കാം ... ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോല്‍ വെളുത്തുള്ളി അരിഞ്ഞുവെച്ചിരിക്കുന്ന അസ്പാരജി എന്നിവ ചേര്‍ത്ത് മൂടിവച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കികൊടുക്കണം. പാതി വേവായ്കഴിയുമ്പോല്‍ ആവശ്യത്തിനു ഉപ്പും തക്കാളി കഷണങ്ങളും ചേര്‍ത്തിളക്കി മൂടിവെച്ച് വീണ്ടും വേവിക്കുക ഒരു പതിനഞ്ചു മിനിറ്റുമതിയാവും...സോസ് റെഡി...

വലിയ പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഉപ്പ് ചേര്‍ത്ത് 'മെക്സപെന്നെ' എന്ന പാസ്തയെ പുഴുങ്ങിയെടുക്കുക...വെള്ളം തോര്‍ത്തിയെടുക്കുക...തയ്യാറാക്കിയ സോസില്‍ മിക്സ്ചെയ്യുക...
മെക്സപെന്നെ കോണ്‍ അസ്പാരജി എന്ന പാസ്ത റെഡി...


ബോണ്‍ അപ്പത്തീത്തോ.

Thursday, 8 May 2008

കസതാഞ്ഞ (chestnut) ഉണക്കചെമ്മീന്‍ ചാറുകറി

. (castanga/chestnut ...പടം നെറ്റില്‍നിന്നും....)അപ്പം കായ്ക്കുന്ന മരം എന്നാണ് ഇറ്റലിക്കാര്‍ കസ്താഞ്ഞ മരത്തെ വിശേഷിപ്പിക്കുന്നത്. ഇറ്റാലിയന്‍ കലപവൃക്ഷമെന്ന് വിളിച്ചാലെന്താന്ന് ഞാനും. കാരണം കസ്താഞ്ഞ മനുഷ്യനു അത്യാവശ്യം വേണ്ടുന്ന എല്ലാ പോഷകങ്ങളും നല്‍കാന്‍ കഴിവുള്ള ഒരു ആഹാരമായ് കണക്കാക്കുന്നു. മരത്തിന്റെ ഇല ആട് മാടുകള്‍ക്ക് ഉത്തമ ഭക്ഷണമാണ്. തടി നല്ല ഉറപ്പുള്ളതും വീടുപണിയാന്‍ അത്യുത്തമവും. ശിഖരങ്ങള്‍ മുറിച്ചുണക്കിയാല്‍ വല്യ തണുപ്പുവരുമ്പോള്‍ കത്തിക്കാം. ഒരു ഗ്രാമവാസിക്ക് ഇതിലപ്പുറം ഒരു മരത്തില്‍ നിന്നും എന്തുകിട്ടണം ...കല്പവൃക്ഷം തന്നെ.
ഒരു കൊട്ടടക്കയോളം പോന്ന ഈ കായ് ഇത്രയ്ക്കും മിടുക്കനായതിനാലാണല്ലോ പല ഇറ്റാലിയന്‍ ഗ്രാമങ്ങളും സീസണില്‍ കസ്താഞ്ഞ ഫെസ്റ്റുവല്‍ തന്നെ കൊണ്ടാടുന്നത്. ഒക്ടോബര്‍/നവംബര്‍ മാസങ്ങളിലാണ് കസ്താഞ്ഞ ഫെസ്റ്റ്.
റോമില്‍ നിന്നും സുമാര്‍ മുപ്പതുകിലോമീറ്റര്‍ അകലെയുള്ള റോക്കാദിപാപ്പ എന്ന ഗ്രാമം. യാത്രക്കിടയില്‍ ഏക്കറുകണക്കിനു കസ്താഞ്ഞ കാടുകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളും ഈ ഗ്രാമത്തില്‍ ധാരാളം. ഒരിക്കല്‍ കസ്താഞ്ഞപെരുന്നാളിനു മലമുകളിലുള്ള ഗ്രാമത്തില്‍ പോയത് അവിസ്മരണീയമായ അനുഭവമാണ്. വഴിയോരത്തുമുഴുവന്‍ കസ്താഞ്ഞ ചുടുന്നവരുടെ തിരക്ക്, പാട്ട് നൃത്തം. ആറ്റുകാല്‍ പൊങ്കാലയോടോ ഇടപ്പള്ളിയിലെ കോഴിപ്പെരുന്നാളിനോടോ ഇതിനെ ഉപമിക്കാന്‍ പറ്റില്ലാ. അതിലും കളര്‍ഫുള്‍. ഇഷ്ടമ്പോലെ കസ്താഞ്ഞ ചുട്ടത് തിന്നാം. ഗ്രാമത്തിലെ വീഞ്ഞുകുടിക്കാം. തഞ്ചത്തിനും തരത്തിനും നിന്നാല്‍ കുറേ ഉമ്മേം കിട്ടും (ഇതു ഫെസ്റ്റിന്റെ ഭാഗമല്ലാ).
കസ്താഞ്ഞയില്‍ പല ക്വാളിറ്റികളുണ്ട്. ഏറ്റവും മികച്ച ഇനത്തിനെ മറോണി എന്നുവിളിക്കും. ചൂടന്‍ മറോണി പത്തെണ്ണം ഒരു കുമ്പിളില്‍ നിറച്ച് എനിക്ക് സമ്മാനിച്ചിട്ട് വിത്തോറിയോ അപ്പൂപ്പന്‍ പറഞ്ഞു...


'ആദ്യമായിട്ടല്ലെ ...കഴിക്കൂ...എന്നിട്ട് അഭിപ്രായം പറയു...'


ഞാന്‍ കഴിച്ചു .... അഭിപ്രായം പറഞ്ഞു...


'ചക്കക്കുരു....'

ഇതു ഞങ്ങളുടെ നാട്ടുകവലയില്‍‍ പഞ്ഞക്കര്‍ക്കിടമാസത്തില്‍ വറുത്തും ചുട്ടും തിന്നിരുന്ന ...തലെവര്‍ഷത്തെ ചക്കക്കുരു.


നമ്മുടെ നാട്ടില്‍ പ്ലാവിനെ ആരും അപ്പം കായ്ക്കുന്ന മരമെന്നോ ...കല്പവൃക്ഷം എന്നോ വിളിക്കാറില്ലാ. എങ്കിലും ഞാന്‍ പറയുന്നു.... എന്തുകൊണ്ടും ഇറ്റാലിയന്‍ കസ്താഞ്ഞയെക്കാള്‍ കേരളത്തിലെ പ്ലാവുകള്‍ തന്നെ മിടുക്കന്മാര്‍. തെളിയിക്കാം.


കസ്താഞ്ഞ ഇല ‌- ആട് പശു എന്നിവയ്ക്ക് തീറ്റയായ് ഉപയോഗിക്കാം

പ്ലാവില - ആട് പശു എന്നിവയ്ക്ക് തീറ്റയായ് ഉപയോഗിക്കാം, വളച്ചുകുത്തിയാല്‍ കഞ്ഞി കോരിക്കുടിക്കാം, കുട്ടികള്‍ക്ക് കാറ്റാടി ഉണ്ടാക്കി കളിക്കാം


കസ്താഞ്ഞ തടി - വീട് പണിക്കുപയോഗിക്കാം, ഫര്‍ണ്ണിച്ചര്‍ ഉണ്ടാക്കാം, വിറകിനുപയോഗിക്കാം

പ്ലാവിന്‍ തടി - വീട് പണിക്കുപയോഗിക്കാം, ഫര്‍ണ്ണിച്ചര്‍ ഉണ്ടാക്കാം, വിറകിനുപയോഗിക്കാം


കസ്താഞ്ഞകുരു - ആഹാരത്തിനുപയോഗിക്കാം

പ്ലാവിങ്കുരു(ചക്കക്കുരു) - ആഹാരത്തിനുപയോഗിക്കാം
കസ്താഞ്ഞ ഇവിടെ സുല്ലിടുകയാണ്.... പ്ലാവ് യാത്ര തുടരുന്നു..


ഇടിച്ചക്ക, കൊത്തച്ചക്ക, മൂത്ത ചക്ക, ചക്കപ്പഴം - ഇതെല്ലാം ബോണസ്
ചക്കമടല്‍ - മുള്ളുചെത്തിക്കളഞ്ഞിട്ട് അതും കറിവയ്ക്കാം -മുള്ളുപോലും ചെത്താതെ ആടുമാടുകള്‍ക്ക് തീറ്റകൊടുക്കാം. തെങ്ങിന്റെ ചുവട്ടില്‍ തട്ടിയാല്‍ ചീയുമ്പോള്‍ നല്ല വളം.
കൂഞ്ഞില്‍ (ചക്കയുടെ നട്ടെല്ല്) - ഇതിനെയും കറിവയ്ക്കാം, ആടുമാടുകള്‍ക്കുതിന്നാം, കുട്ടികള്‍ക്ക് രാമായണം കളിക്കുമ്പോള്‍ ഗഥയായ് ഉപയോഗിക്കാം.
ചക്കക്കുരുവിന്റെ പാട - വറുത്തുതിന്നാന്‍ പഷ്ട്..
ചക്കയരക്ക്/മൊളഞ്ഞീന്‍/വെളിഞ്ഞീന്‍ (ആ പശപോലെ ഒട്ടണ സാധനം) - മരക്കൊമ്പില്‍ വച്ചാല്‍ കിളിയെപിടിക്കാം. പച്ചഈര്‍ക്കിളില്‍ പറ്റിച്ച് കാശുകുടുക്കയില്‍നിന്നും/ഭണ്ഡാരത്തില്‍നിന്നും പണം ചോര്‍ത്താം


ഇനിപറയൂ ...ചക്കമരമോ കസ്താഞ്ഞമരമോ കേമന്‍...


ഒരിക്കല്‍ വിത്തോറിയോ അപ്പൂപ്പന്റെ വീട്ടുവളപ്പിലെ കസ്താഞ്ഞമരത്തിന്റെ കൊമ്പുകള്‍ കാറ്റത്തൊടിഞ്ഞുചാടി. കൊച്ചുമകന്‍ റോബര്‍ത്തോ ടെലഫോണീല്‍ വിളിച്ചപ്പോള്‍ വെറുതെ ഒരു വിശേഷം പറഞ്ഞതാണ്. ഒരുപാട് മൂപ്പെത്താത്ത കസ്താഞ്ഞകള്‍ വീണുപോയെന്നും പറഞ്ഞു. മൂപ്പെത്താത്ത കസ്താഞ്ഞകള്‍ കളയാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലാത്രേ.


ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്നിലെ പാചകകാരന്‍ സടകുടഞ്ഞെഴുന്നേറ്റു...

ഗെറ്റ് സെറ്റ് ഗോ...

വല്യ ഒരു സഞ്ചിയുമായ് ഞാന്‍ മലമുകളീല്‍ പോവുകയും മൂപ്പെത്താത്ത കസ്താഞ്ഞ വാരിയെടുത്ത് മലയിറങ്ങുകയും വീട്ടില്‍ കൊണ്ടുവന്നു... തോരന്‍, മെഴുക്കുപുരട്ടി, മാങ്ങയുടെകൂടെയിട്ട്, സാമ്പാറില്....എന്നുവേണ്ട ചക്കക്കുരു എന്തെല്ലാം കറികള്‍ക്കുപയോഗിക്കുമോ അവിടെല്ലാം ഉപയോഗിച്ചു.പരിചയമുള്ള മലയാളികളില്‍ പലര്‍ക്കും കറി സമ്മാനം കൊടുത്തു....


കറികൂട്ടിയിട്ട് അല്പോന്‍സാന്റി ചോദിക്കുവാ ആരാ നാട്ടീന്നെ വന്നതെന്ന്....'എത്രകാലായ് ഇത്തിരി ചക്കക്കുരുകൂട്ടാന്‍ കൂട്ടിട്ട്' എന്നുംപറഞ്ഞ് പലരും പാസ്ത എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുകയും അരികഴുകി അടുപ്പത്തിടുകയും ചെയ്തു.
ഒരു പരീക്ഷണം ഇങ്ങനെയായിരുന്നു...


മൂപ്പെത്താത്ത ചെസ്റ്റ്നട്ട് - ഇരുപത്തഞ്ചെണ്ണം

ഉണക്കചെമ്മീന്‍ - 50ഗ്രാം (അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടമ്പോലെ...)

തേങ്ങ - ഒരെണ്ണം

സബോള - ഒരെണ്ണം

പച്ചമുളക് - നാലെണ്ണം

കറിവേപ്പില - എട്ട്/പത്ത് ഇല

കടുക് - നൂറ് നൂറ്റിയിരുപത് എണ്ണം (അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടമ്പോലെ)

മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി, എണ്ണ - ആവശ്യത്തിനുപാചകം ചെയ്യുന്ന വിധം.


ചെസ്റ്റ്നട്ടിന്റെ പരിപ്പെടുത്ത് കഴുകി ചെറുതായ് അരിയുക, സബോള അരിഞ്ഞെടുക്കുക.

അതിനു ശേഷം ഒരു കഡായിയില്‍ കുറച്ച് എണ്ണയൊഴിച്ച് അടുപ്പില്‍ വയ്ക്കുക തീ കത്തിക്കുക, ചൂടാകുമ്പോള്‍ സബോള അരിഞ്ഞത് നന്നായ് വഴറ്റിയ ശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി ഇതെല്ലാം മനോധര്‍മ്മം‌പോലെ ചേര്‍ത്ത് ഇളക്കി (കരിയാതെനോക്കണെ...തീകുറച്ചിടണം) പരുവമാവുമ്പോള്‍ വെള്ളം ചേര്‍ക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ അറിഞ്ഞുവച്ചിരിക്കുന്ന ചെസ്റ്റ്നട്ട് ഇട്ട് മൂടിവച്ച് വേവിക്കുക.ഈ സമയത്ത് കഴുകിവാരിയെടുത്ത ചെമ്മീന്‍ ഒരു പാനില്‍ ഒന്നു ചൂടാക്കിയെടുത്തിട്ട് കാലും തലയും വാലുമൊക്കെ ഒടിച്ച് തയ്യാറാക്കി വയ്ക്കുക. തേങ്ങ ഉടച്ച് വെള്ളം ഇഷ്ടമാണെങ്കില്‍ കുടിക്കാം ...ഒരു മുറി ചിരവയോ നഖമോ ഉപയോഗിച്ച് മാന്തിപ്പറിച്ചെടുക്കുക... നന്നായ് അരച്ചെടുക്കുക.


ചെസ്റ്റ്നട്ട് വേവാന്‍ ഇനിയും സമയമെടുക്കുമെങ്കില്‍, ബാക്കിയിരിക്കുന്ന തേങ്ങമുറി കൊത്തിത്തിന്നുകൊണ്ടിരിക്കുകയോ... കടുക് ഒന്നുകൂടി എണ്ണി തിട്ടപ്പെടുത്തുകയോ ചെയ്യാം.


പാതിവേവുകഴിഞ്ഞ ചെസ്റ്റ്നട്ടില്‍ ചെമ്മീന്‍ ചേര്‍ക്കുക, ഉപ്പു ചേര്‍ക്കുക, കറിവേപ്പില ഇടുക... വേവു പൂര്‍ത്തിയാകാന്‍ കാത്തിരിക്കുക. പിന്നീട് അരച്ച തേങ്ങചേര്‍ത്ത് തിളപ്പിക്കാം ചാറ്കൂടുതല്‍ വേണമെങ്കില്‍ ഇവിടെ അഡ്ജസ്റ്റ്ചെയ്തോണം.


അവസാനമായ് കടുക്.. കടുക്പൊട്ടിച്ച് കറിയില്‍ ചേര്‍ക്കുക... ചെസ്റ്റ്നട്ട് ഉണക്കചെമ്മീങ്കറി റെഡി...


(പച്ചമുളക് ഇടാന്‍ മറന്നു... അടുത്തപ്രാവശ്യം മറക്കരുത്. ഇപ്പോള്‍ കറി ഇഷ്ടമാകാത്തവര്‍ക്ക് മുളകുടച്ച് ഉപ്പുനീരും അല്പം വെളിച്ചെണ്ണയും കൂട്ടിചാലിച്ച് ചോറുണ്ണാലോ...‍ )

Wednesday, 30 April 2008

കര്‍ച്യോഫി അ റൊമാനൊ (Artichoke)


കര്‍ച്യോഫി അ റൊമാനൊ (Artichoke)

ഇതൊരു പൂവാണ്.... വിരിയാന്‍ അനുവദിച്ചാല്‍ സാമാന്യം ഭംഗിയും നല്ലവലിപ്പവുമുള്ള ഒരു പൂവ്. മൊട്ടിലെ മുറിച്ചെടുത്ത് പാചകംചെയ്താല്‍ ...ടേസ്റ്റ് പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലാ.

ഒരു ശരാശരി റോമാക്കാരന്‍ ആര്‍ട്ടിചോക്ക് കഴിക്കുന്നതുകണ്ടാല്‍ ഇതിന്റെ പേര് ആര്‍ത്തിഷോക്ക് എന്ന് മാറ്റിയിട്ടാലൊ എന്നുപോലും ചിന്തിച്ചുപോകും. കുറ്റം പറയാനൊക്കില്ലാ... ഒരുപ്രാവശ്യം കഴിച്ചാല്‍ പിന്നെ എല്ലാവരുടെയും അനുഭവമിതായിരിക്കും.
അന്‍സാരികള്‍.
കര്‍ചോഫി (ആര്‍ട്ടിചോക്ക്) - 4എണ്ണം
വെളുത്തുള്ളി - 4 ഇതള്
‍ഒലിവോയില്‍ എക്സ്ട്രാവെര്‍ജിന്‍ -100 മില്ലി
പുതിനയില -
മല്ലിയില (ആ ചാഴിയുടെ മണമുള്ള ടൈപ്പല്ലാ... ഇവിടെ പ്രക്സമ്മൊളൊ എന്നുപറയും ...)
ചെരുനാരങ്ങ - 1എണ്ണം
ഉപ്പ് - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. (ഉപ്പ് ചേര്‍ത്ത് കുടിക്കാനല്ലാ....ഈവെള്ളത്തിലേക്ക് വേണം ആര്‍ട്ടിചോക്കിനെ ക്ലീന്‍ ചെയ്ത് ഇടാന്‍. അല്ലെങ്കില്‍ ആര്‍ട്ടിചോക്ക് വല്ലാതെ നിറം മാറിപ്പോകും)
ആര്‍ട്ടിചോക്കിന്റെ പുറംഭാഗത്തുള്ള ഇതളുകള്‍ അടര്‍ത്തികളയുക... മൃദുവായ ഇതളുകള്‍ കണ്ടുതുടങ്ങുന്നതുവരെ പൊളിച്ചുകളയുക. പൂവിന്റെ ഇതളുകളുടെ മുകള്‍ഭാഗം പൊതുവെ കടുപ്പമേറിയിരിക്കും... ‍മുറിച്ചുകളയുക. ഞെട്ടില്‍നിന്നും പുറംതൊലി ശ്രദ്ധയോടെ മുറിച്ചുമാറ്റുക... നാരങ്ങാനീര്‍ചേര്‍ത്തവെള്ളത്തില്‍ മുക്കിയിടുക.
വെളുത്തുള്ളി ഇതളും പുതിനയിലയും മല്ലിയിലയും തീരെപൊടിയായ് അരിഞ്ഞെടുക്കുക - മിക്സിയിലിട്ട് ഒന്ന് അടിച്ചാലും മതി - അല്പം ഉപ്പും കുറച്ച് എണ്ണയും ചേര്‍ത്ത് നന്നായ് മിക്സ്ചെയ്യുക. ഇതില്‍നിന്നും അല്പം എടുത്ത് ആര്‍ട്ടിചോക്കിന്റെ നടുഭാഗത്ത് ഇതളുകള്‍ക്കിടയിലൂടെ വിരല്‍കൊണ്ട് കടത്തിവയ്ക്കുക.
ചുവടുകട്ടിയുള്ള ഒരു പരന്നപാത്രത്തില്‍ ഈ പൂക്കളെ തലതിരിച്ചുവയ്ക്കുക. ബാക്കിയുള്ള എണ്ണയും പുതിനമല്ലിയില മിശ്രിതവും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. പൂക്കളുടെ ഞെട്ടോളം വെള്ളം ഒഴിക്കുക. അടുപ്പില്‍ കയറ്റി തീകത്തിക്കുക. മൂടിവച്ച് ഇരുപതുമിനിറ്റോളം വേവിക്കുക.
കര്‍ച്യോഫി അ റൊമാനോ അഥവാ ആര്‍ട്ടിചോക്ക് റോമന്‍സ്റ്റൈല്‍ റെഡി...
(ആര്‍ട്ടിചോക്കിനു പകരം വാഴക്കുടപ്പന്‍ ഉപയോഗിച്ചു ഞാന്‍ ഇതിനെ കേരളീകരിച്ചുനോക്കി... വല്യഏനക്കേടൊന്നും ഉണ്ടായില്ലാ...)

Friday, 18 April 2008

കര്‍പാച്ചോ....
ഒരു വെറൈറ്റി ഐറ്റം അവതരിപ്പിക്കാന്‍ തീരുമാനിച്ചു...

കര്‍പാച്ചോ....

ചരിത്രം.
1950 ല്‍ വെനീസില്‍ ഒരു എക്സിബിഷന്‍ നടക്കുകയാണ്. വെനീസിന്റെ സ്വന്തം ചിത്രകാരന്‍ കര്‍പ്പാച്ചോ വിക്ടോറെയുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രപദര്‍ശനം കാണാനായ് രാജകുടുമ്പത്തില്‍പെട്ട പലരും വന്നെത്തി. കുറേനേരം ചിത്രങ്ങളൊക്കെ കണ്ടുകഴിഞ്ഞപ്പോള്‍ ഒരു രാജകുമാരിക്ക് കലശലായ് വിശക്കാന്‍ തുടങ്ങി. കുമാരി ഒരു തോഴിയെയും കൂട്ടി അടുത്തുള്ള 'ഹാരീസ് ബാര്‍' റെസ്റ്ററന്റിലേക്കുചെന്നു...

രാജകുമാരിക്ക് ബാറുടമ നേരിട്ടുവന്ന് രാജകീയമായ് മെനു കാട്ടികൊടുത്തു...പക്ഷെ മെനുവിലുള്ള ഒന്നും രാജകുമാരിക്ക് വേണ്ടേ വേണ്ടാ...

'ഇതുവരെ ആര്‍ക്കും കൊടുക്കാത്തത്ത്...ഇതുവരെ ആരും കഴിക്കാത്തത്...പുതുമയുള്ളത്...'
അങ്ങിനെ എന്തെങ്കിലും വേണമെന്നാണ് രാജകുമാരി ആവശ്യപ്പെട്ടത്..പെട്ടന്ന് വേണംതാനും!!!..

ബാര്‍ ഉടമ വിഷമിച്ചുപോയ്...
രാജഭരണമൊക്കെ കഴിഞ്ഞകാല‍മാണെങ്കിലും യൂറോപ്പിലൊക്കെ രാജഭക്തികൂടുതലാണ്..

'ഇതുവരെ ആരും കഴിച്ചിട്ടില്ലാത്ത എന്തെരേലും പെട്ടെന്ന് ഉണ്ടാക്കിയവളുടെ തൊള്ളേലേക്കിട്ടുകൊടുക്കാമോടെയ്' എന്ന് പാചകക്കാരനോട് ബാറുടമ ചോദിച്ചു...

'മൊയ്‌ലാളി ബെഷമിക്കാതിരി... ഞാനൊരുകലാകാരനല്ലെ...വഴിയുണ്ടാക്കാം' എന്ന് പാചകക്കാരന്‍...

പുതിയ ഒരു ഐറ്റം ഉണ്ടാക്കി രാജകുമാരീടെ മുമ്പില്‍ വച്ചുകൊടുത്തു... രണ്ടുമിനിറ്റുകൊണ്ട്. രാജകുമാരി കഴിച്ചു... രണ്ടുമിനിറ്റുകൊണ്ട്.
വളരെ ഇഷ്ടമായ്ത്തന്നെ.

ആപുതിയ വിഭവത്തിനു രാജകുമാരി പേരും ചാര്‍ത്തികൊടുത്തു.... 'കര്‍പ്പാച്ചൊ' കാരണം ആ പുതിയ വിഭവം ഒരു കര്‍പ്പാച്ചോ ചിത്രം പോലെസുന്ദരമായിരുന്നു. കര്‍പ്പാച്ചോയുടെ ഇഷ്ടനിറമായ ചെമപ്പ് അതേപടി ആഹാരത്തില്‍ പകര്‍ത്തിയത് പാചകക്കാരന്റെ മികവൊ...
യാദൃശ്ചികമോ?


കര്‍പ്പാച്ചോ

അന്‍സാരികള്‍

കാളക്കിടാവിന്റെ ഇറച്ചി - 200. ഗ്രാം
കുരുമുളകുപൊടി - ഒരു നുള്ള്
ചെറുനാരങ്ങാനീര് - ഒരു ചെറുനാരങ്ങയുടെ
കാപ്രി - 50ഗ്രാം
(കാപ്രി കിട്ടുന്നില്ലങ്കില്‍ പകരം ഒലിവിങ്കായ് ഉപയോഗിക്കാം)
ഉപ്പ് - ആവശ്യത്തിനു.
തയ്യാറാക്കുന്ന വിധം

കാളയിറച്ചി കടലാസുകനത്തില്‍ അരിഞ്ഞെടുക്കുക, (ചിത്രത്തില്‍ കാണുന്നതുപോലെ)
കുരുമുളകുപൊടി മുകളില്‍ വിതറുക,കാപ്രി വിതറുക, ഉപ്പുവിതറുക. നാരങ്ങാനീര് എറ്റവും അവസാനം.
ഇനി രാജകുമാരിക്ക് കഴിക്കാം.....

ബോണ്‍ അപ്പത്തീത്തൊ.
--------------------------------------------------------------
(ഇറ്റലിയിലെ പ്രസിദ്ധമായ കര്‍പ്പാച്ചോ കഴിക്കാന്‍ റെസ്റ്റോറന്റില്‍ കയറിയ എനിക്ക് കഴിക്കാനാവാതെ ...പാഴ്സലാക്കികൊണ്ടുപോയ് വീട്ടില്‍ ചെന്ന് വേവിച്ചു തിന്നേണ്ടിവന്നു....പുവ്വര്‍ ഇന്ത്യന്‍ബോയ്...)

പഷെ...സത്യത്തില്‍ അല്പം ചെറുനാരങ്ങാനീരില്‍ വേവുപൂര്‍ത്തിയാകുന്നതരം കിളുന്തിറച്ചിയാണ് ഉപയോഗികുന്നത്.... നാട്ടില്‍ കിട്ടുന്നതരം കമ്പത്തുന്നുവരുന്ന പെണ്‍ഷനായ കാളകളുടെ ഇറച്ചിഉപയോഗിക്കണകാര്യം ചിന്തിക്കുകയേ വേണ്ടാ.... അങ്ങിനെചെയ്താല്‍ 'കര്‍പ്പാച്ചോയ്ക്ക്' പകരം 'അറപ്പാച്ചോ' ആയിരിക്കും ഉണ്ടാകാന്‍ പോകുന്നത്.

വെറുതെ ട്രൈചെയ്യൂന്നെ...ഇതൊക്കെയല്ലെ ജീവിതം.

Tuesday, 15 April 2008

ലസാജ്ഞ

സാജ്ഞ....മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനമായ പാസ്ത എന്ന് ഇതിനെ വിശേഷിപ്പിക്കാം ...
പുരാതന റോമാസാമ്രാജ്യത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് കണക്കാക്കുന്നു... അങ്ങിനെ അല്ലാ ഗ്രീക്കുകാരാണ് ആദ്യം ലസാജ്ഞ ഉണ്ടാക്കിയതെന്നും റോമാക്കാര് അവിടെനിന്നും അടിച്ചുമാറ്റിക്കൊണ്ടുപോന്നതാണെന്നും തര്‍ക്കം നിലവിലുണ്ട്...
അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നമുക്ക് ലസാജ്ഞ ഉണ്ടാക്കാം ...കഴിക്കാം.. എന്നിട്ട് താല്പര്യമുണ്ടെങ്കില്‍ തര്‍ക്കത്തില്‍ പങ്കുചേരാം...

1.പാസ്ത (ലസാജ്ഞ ഷീറ്റ്)

അന്‍സാരികള്‍

മൈദമാവ് - 500ഗ്രാം
മുട്ട - 2
ഉപ്പ് - ഒരുനുള്ള്

തയ്യാറാക്കുന്ന വിധം

മൈദമാവിലേക്ക് മുട്ടതല്ലിപ്പൊട്ടിച്ചൊഴിച്ച് ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. പത്തുമിനിറ്റ് വിശ്രമത്തിനു ശേഷം ഈ പാസ്ത കനംകുറച്ച് പരത്തിയെടുക്കണം. (റബര്‍ ഷീറ്റ് അടിച്ചുപരത്തുന്നതുപോലെ..) വലിയ ഷീറ്റിനെ ചെറിയ സ്ക്വയര്‍ ഷീറ്റുകളായ് മുറിച്ചെടുക്കണം..

വിസ്താരമുള്ള ഒരു പാത്രത്തില്‍ വെള്ളം അല്പം ഉപ്പിട്ട് തിളപ്പിക്കുക... മുറിച്ചെടുത്ത ഷീറ്റുകള്‍ തിളച്ചവെള്ളത്തില്‍ മുക്കി പുഴുങ്ങിയെടുത്ത് നേരെ തണുത്തവെള്ളത്തില്‍ മുക്കുക... പിന്നെ എവിടേലും നിരത്തിവയ്ക്കുക... ഡ്രൈ ആകട്ടെ. ഇനി കുറേനാളത്തേയ്ക്ക് ഇരുന്നാലും കുഴപ്പം വരില്ലാ.പാസ്ത റെഡി... ഇനി ബിഷമെല്ലാ ഉണ്ടാക്കാം


ബിഷമെല്ലാ (besciamella)

അന്‍സാരികള്

‍മൈദമാവ് - 100 ഗ്രാം
നെയ്യ് -100 ഗ്രാം
ഉപ്പ്
പാല്‍ 1/2 ലിറ്റര്
‍ജാതിക്കായ് പൊടിച്ചത് - ഒരുനുള്ള്

തയ്യാറാക്കുന്ന വിധം

നെയ്യ് ഉരുക്കി അതില്‍ മൈദമാവ് ഉപ്പ് ജാതിക്കായ് പൊടി എന്നിവചേര്‍ത്ത് നന്നായ് ഇളക്കിവറുക്കുക. അതിനു ശേഷം പാല്‍ അല്പാല്പമായ് ഒഴിച്ച്കൊടുത്ത് കട്ടകെട്ടാതെ നന്നായ് ഇളക്കി പേസ്റ്റ് പരുവത്തിലെത്തിക്കണം.

ബിഷമെല്ലാ റെഡി... ഇനി റഗു


റഗു(Regù)

അന്‍സാരികള്‍.

മാട്ടിറച്ചി - 1/2 ഗ്രാം മിന്‍സുചെയ്തത്
സബോള -1
കാരറ്റ് -1
സെലറി - 1തണ്ട്
തക്കാളി സോസ് - 300 ഗ്രാം
റോസ്മേരി -
ഉപ്പ് -
കറുവ ഇല - 1
വെള്ളവീഞ്ഞ് - 300 മില്ലി ലിറ്റര്‍
പാല്‍ - 1/2 ലിറ്റര്
‍ഒലിവെണ്ണ എക്സ്ട്രാ വെര്‍ജിന്‍
നെയ്യ് 50 ഗ്രാം

തയ്യാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണയും നെയ്യും ചൂടാക്കി സബോള, കാരറ്റ്, സെലറി എന്നിവ പൊടിയായ് അരിഞ്ഞത് നന്നായ് വറുക്കുക. അതിലെക്ക് ഇറച്ചിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് മൊരിയിക്കുക. (തീ കൂടുതല്‍ വയ്ക്കരുത്...മൊരിയുന്നതിനു പകരം കരിയും...ജാഗ്രതൈ)
ഇനി വീഞ്ഞ് ചേര്‍ക്കാം... ചെറുതീയില്‍ വീഞ്ഞെല്ലാം ആവിയായ് പോയ്ക്കഴിഞ്ഞാല്‍
പാലുചേര്‍ക്കുക...അതും ആവിയായി പോകട്ടെ...
ഇനി തക്കാളി സോസ് ചേര്‍ക്കാം...
കുറച്ച് ചൂടുവെള്ളവും ഒഴിച്ച് റോസ്മേരിയും കറുവപ്ട്ടയുടെ ഇലയും ഇട്ട് ...ചെറുതീയില്‍ വേവിക്കുക... എത്രയും കൂടുതല്‍ സമയം വേകുന്നുവോ അത്രയും കൂടുതല്‍ ടേസ്റ്റുള്ള റഗു കിട്ടുന്നതായിരിക്കും....

(റഗു ലസാജ്ഞയുടെ മാത്രം സോസല്ലാ.. മറ്റു പലതരം പാസ്തകള്‍ക്കും സോസായ് ഉപയോഗിക്കാന്‍കൊള്ളാവുന്ന സംഭവമാണ്)
-------------------

അവന്‍ 200 ഡിഗ്രിയില്‍ ചൂടാക്കുക

ലസാജ്ഞ ബേക്ച്ചെയ്യാനുള്ള പരന്ന പാത്രത്തില്‍ നെയ്പുരട്ടുക ...
ലസാജ്ഞഷീറ്റ് നിരത്തുക ..അതിനു മുകളില്‍ റഗു നിരത്തുക...അതിനുമുകളില്‍ വിഷമുല്ലാ...
ലസാജ്ഞ...റഗു...വിഷമുല്ലാ
ലസാജ്ഞ...റഗു...വിഷമുല്ലാ
മടുക്കണവരെ അല്ലെങ്കില്‍ തീരണവരെ നിരത്തുക...

പര്‍മിജാനോ എന്നചീസ് 100ഗ്രാം പൊടിച്ച് ഏറ്റവും മുകലില്‍‍ വിതറിയാല്‍ കാണാന്‍ നല്ല ശേലാരിക്കും.

ഒരു 20 മിനിറ്റ് അവനില്‍ വച്ചെടുത്താല്‍ റഡിയായിരിക്കും.... ഇടയ്ക്ക് വായുകോപത്താല്‍ വല്ലാതെ വീര്‍ത്തുവരാന്‍ ചാന്‍സുണ്ട്...അങ്ങിനെ കാണുമ്പോള്‍ ഒരു ഫോര്‍ക്കിനു അഞ്ചാറ് കുത്തുകൊടുത്തേക്കുക. മര്യാദയ്ക്കിരുന്നോളും... (ഈവിദ്യ ലസാഞ്ഞ അവനില്‍ ബേക്ക് ചെയ്യുമ്പോള്‍ മാത്രം ഫലപ്രദം ...... ലസാജ്ഞകഴിച്ചതിനു ശേഷം വയറ്റത്ത് പരീക്ഷിക്കരുത്!!!!...)

ചൂടോടെ കഴിക്കുക.... കഴിക്കാന്‍ പറ്റണില്ലെങ്കില്‍
ഇത്തിരി അരി അടുപ്പത്തിടുക...
തേങ്ങാചമ്മന്തിയരക്കുക...
ആവശ്യത്തിനു കഴിക്കുക.

_____________________________
(മയോണൈസ് ഉണ്ടാക്കാന്‍ ശ്രമിച്ച് കൈതമുള്ളിന്റെ മിക്സി അടിച്ചുപോയതില്‍ ഖേദിക്കുന്നു...
എന്നെങ്കിലും നേരില്‍ കാണുവാണെങ്കില്‍ വാങ്ങിത്തരാം... )

Tuesday, 15 January 2008

മയോണൈസ് ഉണ്ടാക്കാന്‍ എന്തെളുപ്പം...

ആവശ്യമുള്ള സാധനങ്ങള്‍

മുട്ട - 2
എണ്ണ - ആവശ്യത്തിന്
ചെറുനാരങ്ങ - 1
ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

മുട്ട തല്ലിപ്പൊട്ടിച്ച് മഞ്ഞക്കരുമാത്രം തിരിച്ചെടുക്കുക, ഒരുനുള്ള് ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് മിക്സിയില്‍ഇട്ട് കുറഞ്ഞവേഗത്തില്‍ അടിക്കുക...ഒരുപരുവമായ്കഴിഞ്ഞ് മിക്സി നിര്ത്താതെതന്നെ എണ്ണ നേര്‍ത്ത ധാരയായ് സാവധാനത്തില്‍ ഒഴിച്ചുകൊടുക്കുക.. ( എല്ലാചേരുവകകളും കൂടിക്കലര്‍ന്ന് കുഴമ്പുപരുവമാകുന്ന സമയത്ത് മിക്സി ഓഫ്ചയ്യാം. നമ്മളുണ്ടാക്കിയമിശ്രിതമാണ് മയോണൈസ് ഇത് ഒരു പാത്രത്തിലെടുത്ത് ഫ്രിഡ്ജില്‍ തണുക്കാന്‍ വയ്ക്കാം... പിന്നെ ആവശ്യമുണ്ടെങ്കില്‍ എടുത്ത് ഉപയോഗിക്കാം.


ബോണ്‍ അപ്പത്തീത്തോ

(ഇതു പറഞ്ഞുതരാന്‍ ഇത്തിരി പ്രയാസമാ... ഞാന്‍ പലപ്രാവശ്യം ഉണ്ടാക്കിനോക്കിയിട്ടാ അതിന്റെഒരു സെറ്റപ്പ് ക്ലിയറായ്മനസിലായത്...പ്രത്യേകിച്ചും എണ്ണമിക്സ്ചെയ്യുന്നത് )

-------------------------------
കുറുമാന്‍ പണ്ടെന്നോട് ലസാഞ്ഞ ഉണ്ടാക്കണതെങ്ങനെയെന്നു എഴുതാന്‍ പറഞ്ഞിരുന്നു...കാര്യമായിട്ടാണാ ആവോ?...കുറുമാന്‍ മറന്നാലും ഞാന്‍ മറക്കില്ലാ...
ആവനാഴിമാഷ് കാരറ്റും ഇറച്ചിയും ചേര്‍ത്ത് ലസാഞ്ഞ ഉണ്ടാക്കിയ കാര്യം പറഞ്ഞപ്പോള്‍ ബിഷമെല്ലയും (besciamella) റഗുവും (ragù) ഒക്കെ ചേര്ത്തൊരു അടിപൊളി ഇറ്റാലിയന്‍ ലസാഞ്ഞ ഉണ്ടാക്കണവിധം പറഞ്ഞുകൊടുക്കാന്നുപറഞ്ഞിട്ട് മാസം അഞ്ചാറായ്....
കുറച്ചുനാളുമുമ്പെ കണ്ടപ്പോഴും ചോദിച്ചിരുന്നു... ആ വിഷമുല്ല എങ്ങിനെയാ ഉണ്ടാക്കുന്നതെന്ന്..
അതിനാല്‍ ഇനി താമസിപ്പിക്കണില്ലാ. ഗവേഷണം ഏതാണ്ട് പൂര്‍ത്തിയായിരിക്കണു

അടുത്തപോസ്റ്റ്....

ലസാഞ്ഞ, (വിത് ബിഷമെല്ലാ ന്‍ റഗു......)

Friday, 11 January 2008

സ്പഗേത്തി ആല്യോ ഓല്യോ എ പെപ്പെറൊഞ്ചീനൊ..

(Spaghetti aglio, olio e peperoncino - Spaghetti garlic, oil and hot pepper)

എനിക്ക് ചോറുംകറിയുമല്ലാതെ മറ്റൊന്നും പിടിക്കില്ലാ എന്നുപറയുന്നമലയാളിക്ക് ഈ പാസ്ത ധൈര്യമായ്പരീക്ഷിച്ചുനോക്കാവുന്നതാണ്. ശരാശരി മലയാളിയുടെ ഭക്ഷണസങ്കല്പങ്ങളോട് ഈ പാസ്ത നീതിപുലര്‍ത്തും എന്നതില്‍ ഒട്ടും സംശയം വേണ്ട. മുളകു ചേര്‍ത്തുപാചകം ചെയ്യുന്ന ചുരുക്കം ഇറ്റാലിയന്‍ വിഭവങ്ങളിലൊന്നാണിത്... ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് മറ്റ് പാസ്തകളെ അപേക്ഷിച്ച് ചെലവും വളരെകുറവ്... ഇറ്റലിക്കാര്‍ക്കിടയിലും ഈ പാസ്ത പ്രിയങ്കരംതന്നെ.


അന്‍സാരികള്‍:

300 ഗ്രാം പാസ്ത (സ്പഗേത്തി),
4 ഇതള്‍ വെളുത്തുള്ളി
2 വറ്റല്‍മുളക്
1/2 കപ്പ് ഒലിവെണ്ണ (എക്സ്ട്രാ വെര്‍ജിന്‍),
മല്ലിയില, പുതിനയില, ഉപ്പ് ആവശ്യത്തിന്,
4 ആളുകള്‍ (പാസ്തകഴിക്കാന്‍ തയ്യാറായിട്ടുള്ളവര്‍...)

തുടങ്ങാം...

തിളച്ചവെള്ളത്തില്‍ ഉപ്പുചേര്ത്തശേഷം പാസ്ത വേവിക്കാനിടുക....ഒരു തവയില്‍ എണ്ണഒഴിച്ച് ഇടത്തരം തീയില്‍ ചൂടാക്കി അതിലേക്ക് വറ്റല്‍മുളകും ചെറുതായ് ചതച്ച വെളുത്തുള്ളിഅല്ലികളും ചേര്‍ത്ത് ഇളക്കുക കരിഞ്ഞുപോകാതെസൂക്ഷിക്കണം... ഉടനെതന്നെ ചെറുതായി അരിഞ്ഞ മല്ലിയിലയും പുതിനയിലയും ചേര്‍ത്ത് തീകെടുത്തുക... പാസ്തയ്ക്കുള്ള സോസ് റെഡിയായ്ക്കഴിഞ്ഞു...പാസ്ത പാകത്തിനു വെന്തുകഴിയുമ്പോള്‍ വെള്ളം ഊറ്റിക്കളഞ്ഞതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന സോസില്‍ മിക്സ് ചെയ്യുക.... ഉടനെ കഴിക്കുക.

ബോണ്‍ അപ്പത്തീത്തോ.
-------------------------------
ചില അഭിപ്രായങ്ങള്‍.
പാസ്ത് ഉണ്ടാക്കാന്‍ ചുവടുകട്ടിയുള്ള വലിയപാത്രത്തില്‍ കൂടുതല്‍ വെള്ളം തിളപ്പിക്കണം... നൂറുഗ്രാം പാസ്തയ്ക്ക് ഒരുലിറ്റര്‍ വെള്ളമെങ്കിലും വേണം.,

വെള്ളം തിളച്ചശേഷം മാത്രം ഉപ്പ് ഇടുക..ഉപ്പിട്ട്കഴിഞ്ഞാല്‍ അതെല്ലാം അലിയുംവരെ വെള്ളം തിളക്കാന്‍ അനുവദിക്കണം. അതിനു ശേഷം പാസ്ത ചേര്‍ക്കുക.

മൂടിവച്ച് പാസ്തവേവിക്കരുത്...
ഇടയ്ക്ക് ഇളക്കികൊടുക്കണം...
തീ കുറച്ചിടരുത്..

പാസ്തയുടെ വേവ് കൃത്യമായിരിക്കണം...ഒരിക്കലും കൂടുതല്‍ വേവിക്കരുത് ....

പാകത്തിനുവെന്ത പാസ്ത വെള്ളമൂറ്റിക്കളഞ്ഞ് സോസുമായ് മിക്സ്ചെയ്ത് ഉടനെകഴിക്കുക... തണുത്തത് കഴിക്കുമ്പോഴും വീണ്ടുംചൂടാക്കികഴിക്കുമ്പോഴും ഒന്നോര്‍ക്കുക...നിങ്ങള്‍കഴിക്കുന്നത് പാസ്തയുടെ നിഴലാണ് പാസ്തയല്ലാ.

(തണുപ്പിച്ചുകഴിക്കുന്ന ചുരുക്കം ചില പാസ്തകളുണ്ട്...അത് പിന്നാലെ പറയാം)

Thursday, 10 January 2008

ഗോര്‍ഗന്‍സോള(ഒരു പെണ്‍കുട്ടി ലിപ്സ്റ്റിക്പോകാതെ സ്പഗേത്തികഴിക്കാന്‍ ശ്രമിക്കുന്നു.... ചിത്രം നെറ്റില്‍നിന്നും)
ഗോര്‍ഗന്‍സോള


പുതിയ ഒരു ബ്ലോഗ് ആരംഭിക്കാമെന്നുവച്ചു...
ഒരു ഇറ്റാലിയന്‍ ഭക്ഷണബ്ലോഗ്....

ഇറ്റലിയെപ്പറ്റിപറയുമ്പോള്‍ ഏറ്റവുംകൂടുതല്‍ പറയാനുള്ളത് അതിന്റെ ഭക്ഷണ വൈവിദ്യങ്ങളാണ്. ഇറ്റാലിയന്‍ ഭക്ഷണത്തെപറ്റി പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ പറയാനുള്ളത് പാസ്തയെപറ്റിയും....

ഒരു നൂറ്റൊന്നുകൂട്ടം പാസ്ത ആദ്യം അവതരിപ്പിക്കാനാണു ശ്രമം...
ആദ്യംതന്നെ 'സ്പഗേത്തിയില്‍' ആരംഭിക്കാം...
പാസ്തയിലെ സൂപ്പര്സ്റ്റാര്‍ സ്പഗേത്തിയല്ലാതെ മറ്റാരാ?....