Sunday, 18 May 2008

മെക്സപെന്നെ കോണ്‍ അസ്പാരജി(ഇത് മെക്സപെന്നെ)
(ഇത് അസ്പാരജി)

ആഹാരം ഉണ്ടാക്കുന്ന കാര്യത്തിലെന്നപോലെ കഴിക്കുന്ന കാര്യത്തിലും എന്തുപരീക്ഷണത്തിനും മുതിരാന്‍ ഞാന്‍ തയ്യാറാകും, ഇക്കാര്യത്തില്‍ ഞാന്‍ സ്ഥലകാലാരോഗ്യ പരിമിതികളൊന്നും നോക്കാറില്ലാ. ഇങ്ങോട്ട് പിടിച്ചു കടിക്കുകയും മാന്തുകയും ചെയ്യാത്ത എന്തിനെയും കഴിക്കുന്ന ശീലക്കാരനാണ്ഞാന്‍ (എന്നുപറഞ്ഞാല്‍ പാമ്പ്, പട്ടി, പൂച്ച ഒഴികെയുള്ളതെല്ലാം).

ഈ പരീക്ഷണജീവിതം വല്യ ഏനക്കെടില്ലാതെ കൊണ്ടുപോകുന്നതിനിടയില്‍ ഒരിക്കല്‍ ശരീരം പ്രതികരിച്ചു. സംഭവം ഇങ്ങനെ. ഇറ്റലിയില്‍ വന്നിട്ട് എകദേശം രണ്ടുമാസമായിട്ടുണ്ടാവും... തനിയെ കാഴ്ചകള്‍ കണ്ട് രസിച്ച് ചുറ്റിനടക്കുന്നതിനിടയില്‍ ഒരു റെസ്റ്റോറന്റിന്റെ മുമ്പിലൂടെ കടന്നുപോവുകയാണ്... ഉച്ചത്തിരക്കിന്റെ നേരം. ഇവിടുത്തെ പതിവനുസരിച്ച് കടയുടെ ഉള്ളിലിരുന്നു കഴിക്കുന്നതിലും ആളുകള്‍ക്കു താല്പര്യം വെളിയില്‍ ഇരുന്നു കഴിക്കാനാണ്. ഇതുപോലുള്ള റെസ്റ്ററന്റുകളുടെ വെളിയിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ ആളുകള്‍ എന്താണ് കഴിക്കുന്നതെന്ന് നോക്കാറില്ലാ(മോശല്ലെ).... പക്ഷെ കാണും... (നോക്കാതെ കാണുന്ന ഒരു ശീലം എനിക്ക് പണ്ടിനാലെ ഉണ്ട്). ഒരു മച്ചമ്പി ഇരുന്ന് മുരിങ്ങാക്കായ് പോലുള്ള എന്തോ ഒന്നുകഴിക്കുന്നു.... ആരവിടെ...ഇറ്റലിയന്‍ റെസ്റ്ററന്റില്‍ ഡ്രംസ്റ്റിക്കോ!!! ഞാന്‍ പോയപോക്കിനു പോകാതെ റിട്ടേണ്‍ അടിച്ച് വീണ്ടും വന്നു... ഇത്തവണ ഒന്നു പാളിനോക്കി...മുരിങ്ങാക്കായ് അല്ല...പക്ഷെ അതുപോലെ ഇരിക്കുന്ന എന്തോ ഒന്ന്... ഇതുവരെ കണ്ടിട്ടില്ലാത്ത സാധനം.

ഒന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം....
പലഭാഷയില്‍ പറഞ്ഞിട്ടും എന്താണെനിക്കു വേണ്ടെതെന്ന് സപ്ലയര്‍ക്ക് മനസ്സിലായില്ലാ. എനിക്കീ സംഭത്തിന്റെ പേരറിയില്ലാലൊ...അറ്റകൈക്കു ചൂണ്ടിക്കാണിക്കേണ്ടിവന്നു..
അടുത്തുവന്നപ്പോല്‍ മുരിങ്ങാക്കായുമായ് വല്യബന്ധമില്ലാത്ത ഒരു സംഗതി ആണെന്നു മനസിലായ്. അതിന്റെ പേര് 'അസ്പാരജി' എളുപ്പത്തിനു ഞാന്‍ അതിനെ 'അപ്സര ജി' എന്നു വിളിക്കും...സംഭവം സൂപ്പര്‍...
അതുകഴിച്ചു... പച്ചവെള്ളത്തിനു ബിയറിനേക്കാളും വിലആയതിനാല്‍ മാത്രമാണ് ബിയറുവാങ്ങിക്കഴിച്ചത്.

ബില്ല് പേചെയ്തുകഴിഞ്ഞ് ഞാന്‍ ബുദ്ധിപൂര്‍വ്വം ആ റെസ്റ്ററന്റിലെ തന്നെ ടോയിലറ്റ് ഉപയോഗിച്ചു. ബിയറാണ് കുടിച്ചിരിക്കുന്നത്... ഇവിടെനിന്നും പുറത്തിറങ്ങിക്കഴിഞ്ഞ് ഒന്നു മൂത്രമൊഴിക്കണമെന്നുതോന്നിയാല്‍ രണ്ടു ടിന്‍ ബിയറിന്റെ കാശുചെലവാക്കെണ്ടിവരും.

സാധാരണഗതിയില്‍ തീര്‍ത്തും സന്തോഷകരമായ് യൂറിന്‍ പാസ്സ് ചെയ്യുന്ന എന്നെ ഞെട്ടിച്ചുകൊട്...വളരെ രൂക്ഷഗന്ദമുള്ള യൂറിനാണ് പുറത്തുവരുന്നത്.


അയ്യോ..എനിക്ക് എന്തോ സംഭവിച്ചു...ദൈവമെ എന്റെ കിഡ്നി നിന്നനിപ്പില്‍ അടിച്ചുപോയോ...ഭഷ്യവിഷബാധാ...

നിനക്കിതുവേണമെടാ...വായും വയറും നോക്കാതെ കണ്ടവസ്തുക്കളെല്ലാം വലിച്ചുകയറ്റുന്ന നിനക്കിതുതന്നെ വേണം.... എന്റെ അന്തക്കരണം എന്നെ കുറ്റപ്പെടുത്താന്‍ ആരംഭിച്ചു...
എനിക്ക് തലകറങ്ങിവീണാലോ എന്നുതോന്നി... എന്തൊക്കെയൊ രാസപ്രവര്‍ത്തനവും മാറ്റങ്ങളും എന്റെ ഉള്ളില്‍ നടക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.... വളരെ കടുത്ത എന്തോ ഒരു ആസിഡാണ് മൂത്രത്തിനു പകരം പുറത്തുവരുന്നത്.


ഒരു പ്രകാരത്തില്‍ ഞാന്‍ പുറത്തിറങ്ങി... എനിക്കുമുമ്പെ അസ്പാരജി കഴിച്ച പലരും പയ‌റുപോലെ നടന്നുപോകുന്നതുകണ്ടപ്പോള്‍ ഞാന്‍ ഒരു നിഗമനത്തിലെത്തി ... ഇത് ആഹാരത്തിന്റെ കുറ്റമല്ലാ...എന്റെ ആന്തരീകാവയവങ്ങളും അസ്പാരജിയും തമ്മില്‍ ഉണ്ടായ ചില ധാരണപിശകുകളുടെ അനന്തരഫലമാണ്.
ഉടന്‍ തന്നെ കൂട്ടുകാരന്‍ മനുവിനെ വിളിച്ച് കാര്യം പറഞ്ഞു...
അവന്‍ ഇവിടെ ഡോക്ടറാകാന്‍ പഠിക്കുവാണല്ലോ...
അസ്പാരജി തിന്നിട്ട് മൂത്രത്തിനു രൂക്ഷഗന്ധം ഉണ്ടായില്ലങ്കിലാണ് പേടിക്കേണ്ടത് എന്ന് മനു പറഞ്ഞപ്പോഴാണ് ആശ്വാസമായത്...

ഇനീം നീ പരീക്ഷണങ്ങള്‍ക്കു മുതിരുമോ എന്ന് അന്തക്കരണം ചോദിച്ചപ്പോല്‍... ഞാന്‍ എന്റെ സൗകര്യം പോലെ പരീക്ഷണം നടത്തും നീ പോടാ കൊരങ്ങെ ...എന്ന് ഞാന്‍ എന്റെ അന്തക്കരണത്തോട് തിരിച്ചടിച്ചു.

അതിനു ശേഷമാണ് ഞാന്‍ അസ്പാരജി ഗവേഷണം ആരംഭിച്ചത്...
അസ്പാരജി കഴിച്ച് പത്തുമിനിറ്റിനുള്ളില്‍ അസ്പാര്‍ട്ടിക്കൊ എന്ന ആസിഡ് ശരീരത്തില്‍ ഉണ്ടാകുന്നു. ഇത് മൂത്രത്തില്‍ കലരുമ്പോഴാണ് ദുര്‍ഗന്ദമുണ്ടാകുന്നത്.

ഗാര്‍ഡനില്‍ ഞാന്‍ കുറേ അസ്പാരജി നട്ടു... മുടങ്ങാതെ നനച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ ചെറുവിരലിന്റെ മുഴുപ്പുള്ള മുളകള്‍ മണ്ണ് പിളര്‍ന്ന് കയറിവരുന്നു... ആദ്യത്തെ വര്‍ഷം ഉണ്ടാകുന്ന മുളകള്‍ ഭക്ഷണ യോഗ്യമല്ലാ എന്ന് ഇവിടുള്ള കൃഷിക്കാര്‍ പറഞ്ഞതുകൊണ്ട് ഞാന്‍ അതിനെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചില്ലാ....
ചെറുവിരലിന്റെ മുഴുപ്പില്‍ കയറിവന്ന മുളകള്‍ ഒരു ചാണ്‍ നീളത്തില്‍ മണ്ണിനു മുകളില്‍ വളര്‍ന്ന ശേഷം പതിയെ ഇലയും തണ്ടും ഒക്കെയായ് വളരാന്‍ തുടങ്ങി... പിന്നെ വള്ളിപോലെ അതൊരു പോക്കാരുന്നു...ഇലകള്‍ പൂക്കള്‍ ചെറിയ കായ്കള്‍... അപ്പോള്‍ ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടെ ഞെട്ടി...കാരണം നമ്മുടെ നാട്ടിലൊക്കെ കല്യാണപ്പെണ്ണിന്റെ ബൊക്കയില്‍ മോടികൂട്ടാന്‍ ഉപയോഗിക്കുന്ന എവര്‍ഗ്രീന്‍ എന്ന ഇലകളില്ലെ ... അതും അസ്പാരജിയും ഒന്നുതന്നെ.

ധൈര്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍...എവര്‍ഗ്രീന്‍ എന്ന ചെടിയുടെ മുളകള്‍ പൊട്ടിവരുന്നത് ഒരു ചാണ്‍ നീളത്തില്‍ മുറിച്ച് പുഴുങ്ങിത്തിന്നു...എന്നിട്ട് മൂത്രമൊഴിച്ചുനോക്കു... അസ്പാര്‍ട്ടിക്കോ ആസിഡ് വന്നില്ലെങ്കില്‍ എന്നെ ദേ...ഇങ്ങനെ വിളിച്ചോ...

ഇനി ഒരു അപ്സരാ ജി പാസ്ത ഉണ്ടാക്കി കാണിക്കാം...

മെക്സപെന്നെ കോണ്‍ അസ്പാരജി
(അന്‍സാരികള്‍...)

1. മെക്സപെന്നെ - 400 ഗ്രാം
(ഒരു തരം പാസ്ത...ഫൗണ്ടന്‍പേനയുടെ നിബ് പോലെ ചരിച്ചുവെട്ടിയ ഷേപ്പാണ് ഇതിനു അതിനാല്‍ ഈ പേരുപറയുന്നു...എന്താ മനുഷ്യന്റെ ബുദ്ധി)
2. അസ്പാരജി - 400 ഗ്രാം ‍
3. വെളുത്തുള്ളി - 1അല്ലി
4. തക്കാളി - 2 എണ്ണം
5. ഒലിവോയില്‍ (എ.വേ) - ആവശ്യത്തിനു
6. ഉപ്പ് -ആവശ്യത്തിനു

പാചകം ചെയ്യേണ്ടവിധം

തക്കാളി തിളപ്പിച്ച് കുരുവും തൊലിയും കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിയുക. അസ്പാരജി നന്നായ് കഴുകി ഒരിഞ്ചുനീളത്തില്‍ അളന്നുമുറിക്കുക.

സോസ് തയ്യാറാക്കാം ... ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോല്‍ വെളുത്തുള്ളി അരിഞ്ഞുവെച്ചിരിക്കുന്ന അസ്പാരജി എന്നിവ ചേര്‍ത്ത് മൂടിവച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കികൊടുക്കണം. പാതി വേവായ്കഴിയുമ്പോല്‍ ആവശ്യത്തിനു ഉപ്പും തക്കാളി കഷണങ്ങളും ചേര്‍ത്തിളക്കി മൂടിവെച്ച് വീണ്ടും വേവിക്കുക ഒരു പതിനഞ്ചു മിനിറ്റുമതിയാവും...സോസ് റെഡി...

വലിയ പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഉപ്പ് ചേര്‍ത്ത് 'മെക്സപെന്നെ' എന്ന പാസ്തയെ പുഴുങ്ങിയെടുക്കുക...വെള്ളം തോര്‍ത്തിയെടുക്കുക...തയ്യാറാക്കിയ സോസില്‍ മിക്സ്ചെയ്യുക...
മെക്സപെന്നെ കോണ്‍ അസ്പാരജി എന്ന പാസ്ത റെഡി...


ബോണ്‍ അപ്പത്തീത്തോ.

Thursday, 8 May 2008

കസതാഞ്ഞ (chestnut) ഉണക്കചെമ്മീന്‍ ചാറുകറി

. (castanga/chestnut ...പടം നെറ്റില്‍നിന്നും....)അപ്പം കായ്ക്കുന്ന മരം എന്നാണ് ഇറ്റലിക്കാര്‍ കസ്താഞ്ഞ മരത്തെ വിശേഷിപ്പിക്കുന്നത്. ഇറ്റാലിയന്‍ കലപവൃക്ഷമെന്ന് വിളിച്ചാലെന്താന്ന് ഞാനും. കാരണം കസ്താഞ്ഞ മനുഷ്യനു അത്യാവശ്യം വേണ്ടുന്ന എല്ലാ പോഷകങ്ങളും നല്‍കാന്‍ കഴിവുള്ള ഒരു ആഹാരമായ് കണക്കാക്കുന്നു. മരത്തിന്റെ ഇല ആട് മാടുകള്‍ക്ക് ഉത്തമ ഭക്ഷണമാണ്. തടി നല്ല ഉറപ്പുള്ളതും വീടുപണിയാന്‍ അത്യുത്തമവും. ശിഖരങ്ങള്‍ മുറിച്ചുണക്കിയാല്‍ വല്യ തണുപ്പുവരുമ്പോള്‍ കത്തിക്കാം. ഒരു ഗ്രാമവാസിക്ക് ഇതിലപ്പുറം ഒരു മരത്തില്‍ നിന്നും എന്തുകിട്ടണം ...കല്പവൃക്ഷം തന്നെ.
ഒരു കൊട്ടടക്കയോളം പോന്ന ഈ കായ് ഇത്രയ്ക്കും മിടുക്കനായതിനാലാണല്ലോ പല ഇറ്റാലിയന്‍ ഗ്രാമങ്ങളും സീസണില്‍ കസ്താഞ്ഞ ഫെസ്റ്റുവല്‍ തന്നെ കൊണ്ടാടുന്നത്. ഒക്ടോബര്‍/നവംബര്‍ മാസങ്ങളിലാണ് കസ്താഞ്ഞ ഫെസ്റ്റ്.
റോമില്‍ നിന്നും സുമാര്‍ മുപ്പതുകിലോമീറ്റര്‍ അകലെയുള്ള റോക്കാദിപാപ്പ എന്ന ഗ്രാമം. യാത്രക്കിടയില്‍ ഏക്കറുകണക്കിനു കസ്താഞ്ഞ കാടുകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളും ഈ ഗ്രാമത്തില്‍ ധാരാളം. ഒരിക്കല്‍ കസ്താഞ്ഞപെരുന്നാളിനു മലമുകളിലുള്ള ഗ്രാമത്തില്‍ പോയത് അവിസ്മരണീയമായ അനുഭവമാണ്. വഴിയോരത്തുമുഴുവന്‍ കസ്താഞ്ഞ ചുടുന്നവരുടെ തിരക്ക്, പാട്ട് നൃത്തം. ആറ്റുകാല്‍ പൊങ്കാലയോടോ ഇടപ്പള്ളിയിലെ കോഴിപ്പെരുന്നാളിനോടോ ഇതിനെ ഉപമിക്കാന്‍ പറ്റില്ലാ. അതിലും കളര്‍ഫുള്‍. ഇഷ്ടമ്പോലെ കസ്താഞ്ഞ ചുട്ടത് തിന്നാം. ഗ്രാമത്തിലെ വീഞ്ഞുകുടിക്കാം. തഞ്ചത്തിനും തരത്തിനും നിന്നാല്‍ കുറേ ഉമ്മേം കിട്ടും (ഇതു ഫെസ്റ്റിന്റെ ഭാഗമല്ലാ).
കസ്താഞ്ഞയില്‍ പല ക്വാളിറ്റികളുണ്ട്. ഏറ്റവും മികച്ച ഇനത്തിനെ മറോണി എന്നുവിളിക്കും. ചൂടന്‍ മറോണി പത്തെണ്ണം ഒരു കുമ്പിളില്‍ നിറച്ച് എനിക്ക് സമ്മാനിച്ചിട്ട് വിത്തോറിയോ അപ്പൂപ്പന്‍ പറഞ്ഞു...


'ആദ്യമായിട്ടല്ലെ ...കഴിക്കൂ...എന്നിട്ട് അഭിപ്രായം പറയു...'


ഞാന്‍ കഴിച്ചു .... അഭിപ്രായം പറഞ്ഞു...


'ചക്കക്കുരു....'

ഇതു ഞങ്ങളുടെ നാട്ടുകവലയില്‍‍ പഞ്ഞക്കര്‍ക്കിടമാസത്തില്‍ വറുത്തും ചുട്ടും തിന്നിരുന്ന ...തലെവര്‍ഷത്തെ ചക്കക്കുരു.


നമ്മുടെ നാട്ടില്‍ പ്ലാവിനെ ആരും അപ്പം കായ്ക്കുന്ന മരമെന്നോ ...കല്പവൃക്ഷം എന്നോ വിളിക്കാറില്ലാ. എങ്കിലും ഞാന്‍ പറയുന്നു.... എന്തുകൊണ്ടും ഇറ്റാലിയന്‍ കസ്താഞ്ഞയെക്കാള്‍ കേരളത്തിലെ പ്ലാവുകള്‍ തന്നെ മിടുക്കന്മാര്‍. തെളിയിക്കാം.


കസ്താഞ്ഞ ഇല ‌- ആട് പശു എന്നിവയ്ക്ക് തീറ്റയായ് ഉപയോഗിക്കാം

പ്ലാവില - ആട് പശു എന്നിവയ്ക്ക് തീറ്റയായ് ഉപയോഗിക്കാം, വളച്ചുകുത്തിയാല്‍ കഞ്ഞി കോരിക്കുടിക്കാം, കുട്ടികള്‍ക്ക് കാറ്റാടി ഉണ്ടാക്കി കളിക്കാം


കസ്താഞ്ഞ തടി - വീട് പണിക്കുപയോഗിക്കാം, ഫര്‍ണ്ണിച്ചര്‍ ഉണ്ടാക്കാം, വിറകിനുപയോഗിക്കാം

പ്ലാവിന്‍ തടി - വീട് പണിക്കുപയോഗിക്കാം, ഫര്‍ണ്ണിച്ചര്‍ ഉണ്ടാക്കാം, വിറകിനുപയോഗിക്കാം


കസ്താഞ്ഞകുരു - ആഹാരത്തിനുപയോഗിക്കാം

പ്ലാവിങ്കുരു(ചക്കക്കുരു) - ആഹാരത്തിനുപയോഗിക്കാം
കസ്താഞ്ഞ ഇവിടെ സുല്ലിടുകയാണ്.... പ്ലാവ് യാത്ര തുടരുന്നു..


ഇടിച്ചക്ക, കൊത്തച്ചക്ക, മൂത്ത ചക്ക, ചക്കപ്പഴം - ഇതെല്ലാം ബോണസ്
ചക്കമടല്‍ - മുള്ളുചെത്തിക്കളഞ്ഞിട്ട് അതും കറിവയ്ക്കാം -മുള്ളുപോലും ചെത്താതെ ആടുമാടുകള്‍ക്ക് തീറ്റകൊടുക്കാം. തെങ്ങിന്റെ ചുവട്ടില്‍ തട്ടിയാല്‍ ചീയുമ്പോള്‍ നല്ല വളം.
കൂഞ്ഞില്‍ (ചക്കയുടെ നട്ടെല്ല്) - ഇതിനെയും കറിവയ്ക്കാം, ആടുമാടുകള്‍ക്കുതിന്നാം, കുട്ടികള്‍ക്ക് രാമായണം കളിക്കുമ്പോള്‍ ഗഥയായ് ഉപയോഗിക്കാം.
ചക്കക്കുരുവിന്റെ പാട - വറുത്തുതിന്നാന്‍ പഷ്ട്..
ചക്കയരക്ക്/മൊളഞ്ഞീന്‍/വെളിഞ്ഞീന്‍ (ആ പശപോലെ ഒട്ടണ സാധനം) - മരക്കൊമ്പില്‍ വച്ചാല്‍ കിളിയെപിടിക്കാം. പച്ചഈര്‍ക്കിളില്‍ പറ്റിച്ച് കാശുകുടുക്കയില്‍നിന്നും/ഭണ്ഡാരത്തില്‍നിന്നും പണം ചോര്‍ത്താം


ഇനിപറയൂ ...ചക്കമരമോ കസ്താഞ്ഞമരമോ കേമന്‍...


ഒരിക്കല്‍ വിത്തോറിയോ അപ്പൂപ്പന്റെ വീട്ടുവളപ്പിലെ കസ്താഞ്ഞമരത്തിന്റെ കൊമ്പുകള്‍ കാറ്റത്തൊടിഞ്ഞുചാടി. കൊച്ചുമകന്‍ റോബര്‍ത്തോ ടെലഫോണീല്‍ വിളിച്ചപ്പോള്‍ വെറുതെ ഒരു വിശേഷം പറഞ്ഞതാണ്. ഒരുപാട് മൂപ്പെത്താത്ത കസ്താഞ്ഞകള്‍ വീണുപോയെന്നും പറഞ്ഞു. മൂപ്പെത്താത്ത കസ്താഞ്ഞകള്‍ കളയാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലാത്രേ.


ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്നിലെ പാചകകാരന്‍ സടകുടഞ്ഞെഴുന്നേറ്റു...

ഗെറ്റ് സെറ്റ് ഗോ...

വല്യ ഒരു സഞ്ചിയുമായ് ഞാന്‍ മലമുകളീല്‍ പോവുകയും മൂപ്പെത്താത്ത കസ്താഞ്ഞ വാരിയെടുത്ത് മലയിറങ്ങുകയും വീട്ടില്‍ കൊണ്ടുവന്നു... തോരന്‍, മെഴുക്കുപുരട്ടി, മാങ്ങയുടെകൂടെയിട്ട്, സാമ്പാറില്....എന്നുവേണ്ട ചക്കക്കുരു എന്തെല്ലാം കറികള്‍ക്കുപയോഗിക്കുമോ അവിടെല്ലാം ഉപയോഗിച്ചു.പരിചയമുള്ള മലയാളികളില്‍ പലര്‍ക്കും കറി സമ്മാനം കൊടുത്തു....


കറികൂട്ടിയിട്ട് അല്പോന്‍സാന്റി ചോദിക്കുവാ ആരാ നാട്ടീന്നെ വന്നതെന്ന്....'എത്രകാലായ് ഇത്തിരി ചക്കക്കുരുകൂട്ടാന്‍ കൂട്ടിട്ട്' എന്നുംപറഞ്ഞ് പലരും പാസ്ത എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുകയും അരികഴുകി അടുപ്പത്തിടുകയും ചെയ്തു.
ഒരു പരീക്ഷണം ഇങ്ങനെയായിരുന്നു...


മൂപ്പെത്താത്ത ചെസ്റ്റ്നട്ട് - ഇരുപത്തഞ്ചെണ്ണം

ഉണക്കചെമ്മീന്‍ - 50ഗ്രാം (അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടമ്പോലെ...)

തേങ്ങ - ഒരെണ്ണം

സബോള - ഒരെണ്ണം

പച്ചമുളക് - നാലെണ്ണം

കറിവേപ്പില - എട്ട്/പത്ത് ഇല

കടുക് - നൂറ് നൂറ്റിയിരുപത് എണ്ണം (അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടമ്പോലെ)

മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി, എണ്ണ - ആവശ്യത്തിനുപാചകം ചെയ്യുന്ന വിധം.


ചെസ്റ്റ്നട്ടിന്റെ പരിപ്പെടുത്ത് കഴുകി ചെറുതായ് അരിയുക, സബോള അരിഞ്ഞെടുക്കുക.

അതിനു ശേഷം ഒരു കഡായിയില്‍ കുറച്ച് എണ്ണയൊഴിച്ച് അടുപ്പില്‍ വയ്ക്കുക തീ കത്തിക്കുക, ചൂടാകുമ്പോള്‍ സബോള അരിഞ്ഞത് നന്നായ് വഴറ്റിയ ശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി ഇതെല്ലാം മനോധര്‍മ്മം‌പോലെ ചേര്‍ത്ത് ഇളക്കി (കരിയാതെനോക്കണെ...തീകുറച്ചിടണം) പരുവമാവുമ്പോള്‍ വെള്ളം ചേര്‍ക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ അറിഞ്ഞുവച്ചിരിക്കുന്ന ചെസ്റ്റ്നട്ട് ഇട്ട് മൂടിവച്ച് വേവിക്കുക.ഈ സമയത്ത് കഴുകിവാരിയെടുത്ത ചെമ്മീന്‍ ഒരു പാനില്‍ ഒന്നു ചൂടാക്കിയെടുത്തിട്ട് കാലും തലയും വാലുമൊക്കെ ഒടിച്ച് തയ്യാറാക്കി വയ്ക്കുക. തേങ്ങ ഉടച്ച് വെള്ളം ഇഷ്ടമാണെങ്കില്‍ കുടിക്കാം ...ഒരു മുറി ചിരവയോ നഖമോ ഉപയോഗിച്ച് മാന്തിപ്പറിച്ചെടുക്കുക... നന്നായ് അരച്ചെടുക്കുക.


ചെസ്റ്റ്നട്ട് വേവാന്‍ ഇനിയും സമയമെടുക്കുമെങ്കില്‍, ബാക്കിയിരിക്കുന്ന തേങ്ങമുറി കൊത്തിത്തിന്നുകൊണ്ടിരിക്കുകയോ... കടുക് ഒന്നുകൂടി എണ്ണി തിട്ടപ്പെടുത്തുകയോ ചെയ്യാം.


പാതിവേവുകഴിഞ്ഞ ചെസ്റ്റ്നട്ടില്‍ ചെമ്മീന്‍ ചേര്‍ക്കുക, ഉപ്പു ചേര്‍ക്കുക, കറിവേപ്പില ഇടുക... വേവു പൂര്‍ത്തിയാകാന്‍ കാത്തിരിക്കുക. പിന്നീട് അരച്ച തേങ്ങചേര്‍ത്ത് തിളപ്പിക്കാം ചാറ്കൂടുതല്‍ വേണമെങ്കില്‍ ഇവിടെ അഡ്ജസ്റ്റ്ചെയ്തോണം.


അവസാനമായ് കടുക്.. കടുക്പൊട്ടിച്ച് കറിയില്‍ ചേര്‍ക്കുക... ചെസ്റ്റ്നട്ട് ഉണക്കചെമ്മീങ്കറി റെഡി...


(പച്ചമുളക് ഇടാന്‍ മറന്നു... അടുത്തപ്രാവശ്യം മറക്കരുത്. ഇപ്പോള്‍ കറി ഇഷ്ടമാകാത്തവര്‍ക്ക് മുളകുടച്ച് ഉപ്പുനീരും അല്പം വെളിച്ചെണ്ണയും കൂട്ടിചാലിച്ച് ചോറുണ്ണാലോ...‍ )