Sunday 18 May 2008

മെക്സപെന്നെ കോണ്‍ അസ്പാരജി



(ഇത് മെക്സപെന്നെ)




(ഇത് അസ്പാരജി)

ആഹാരം ഉണ്ടാക്കുന്ന കാര്യത്തിലെന്നപോലെ കഴിക്കുന്ന കാര്യത്തിലും എന്തുപരീക്ഷണത്തിനും മുതിരാന്‍ ഞാന്‍ തയ്യാറാകും, ഇക്കാര്യത്തില്‍ ഞാന്‍ സ്ഥലകാലാരോഗ്യ പരിമിതികളൊന്നും നോക്കാറില്ലാ. ഇങ്ങോട്ട് പിടിച്ചു കടിക്കുകയും മാന്തുകയും ചെയ്യാത്ത എന്തിനെയും കഴിക്കുന്ന ശീലക്കാരനാണ്ഞാന്‍ (എന്നുപറഞ്ഞാല്‍ പാമ്പ്, പട്ടി, പൂച്ച ഒഴികെയുള്ളതെല്ലാം).

ഈ പരീക്ഷണജീവിതം വല്യ ഏനക്കെടില്ലാതെ കൊണ്ടുപോകുന്നതിനിടയില്‍ ഒരിക്കല്‍ ശരീരം പ്രതികരിച്ചു. സംഭവം ഇങ്ങനെ. ഇറ്റലിയില്‍ വന്നിട്ട് എകദേശം രണ്ടുമാസമായിട്ടുണ്ടാവും... തനിയെ കാഴ്ചകള്‍ കണ്ട് രസിച്ച് ചുറ്റിനടക്കുന്നതിനിടയില്‍ ഒരു റെസ്റ്റോറന്റിന്റെ മുമ്പിലൂടെ കടന്നുപോവുകയാണ്... ഉച്ചത്തിരക്കിന്റെ നേരം. ഇവിടുത്തെ പതിവനുസരിച്ച് കടയുടെ ഉള്ളിലിരുന്നു കഴിക്കുന്നതിലും ആളുകള്‍ക്കു താല്പര്യം വെളിയില്‍ ഇരുന്നു കഴിക്കാനാണ്. ഇതുപോലുള്ള റെസ്റ്ററന്റുകളുടെ വെളിയിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ ആളുകള്‍ എന്താണ് കഴിക്കുന്നതെന്ന് നോക്കാറില്ലാ(മോശല്ലെ).... പക്ഷെ കാണും... (നോക്കാതെ കാണുന്ന ഒരു ശീലം എനിക്ക് പണ്ടിനാലെ ഉണ്ട്). ഒരു മച്ചമ്പി ഇരുന്ന് മുരിങ്ങാക്കായ് പോലുള്ള എന്തോ ഒന്നുകഴിക്കുന്നു.... ആരവിടെ...ഇറ്റലിയന്‍ റെസ്റ്ററന്റില്‍ ഡ്രംസ്റ്റിക്കോ!!! ഞാന്‍ പോയപോക്കിനു പോകാതെ റിട്ടേണ്‍ അടിച്ച് വീണ്ടും വന്നു... ഇത്തവണ ഒന്നു പാളിനോക്കി...മുരിങ്ങാക്കായ് അല്ല...പക്ഷെ അതുപോലെ ഇരിക്കുന്ന എന്തോ ഒന്ന്... ഇതുവരെ കണ്ടിട്ടില്ലാത്ത സാധനം.

ഒന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം....
പലഭാഷയില്‍ പറഞ്ഞിട്ടും എന്താണെനിക്കു വേണ്ടെതെന്ന് സപ്ലയര്‍ക്ക് മനസ്സിലായില്ലാ. എനിക്കീ സംഭത്തിന്റെ പേരറിയില്ലാലൊ...അറ്റകൈക്കു ചൂണ്ടിക്കാണിക്കേണ്ടിവന്നു..
അടുത്തുവന്നപ്പോല്‍ മുരിങ്ങാക്കായുമായ് വല്യബന്ധമില്ലാത്ത ഒരു സംഗതി ആണെന്നു മനസിലായ്. അതിന്റെ പേര് 'അസ്പാരജി' എളുപ്പത്തിനു ഞാന്‍ അതിനെ 'അപ്സര ജി' എന്നു വിളിക്കും...സംഭവം സൂപ്പര്‍...
അതുകഴിച്ചു... പച്ചവെള്ളത്തിനു ബിയറിനേക്കാളും വിലആയതിനാല്‍ മാത്രമാണ് ബിയറുവാങ്ങിക്കഴിച്ചത്.

ബില്ല് പേചെയ്തുകഴിഞ്ഞ് ഞാന്‍ ബുദ്ധിപൂര്‍വ്വം ആ റെസ്റ്ററന്റിലെ തന്നെ ടോയിലറ്റ് ഉപയോഗിച്ചു. ബിയറാണ് കുടിച്ചിരിക്കുന്നത്... ഇവിടെനിന്നും പുറത്തിറങ്ങിക്കഴിഞ്ഞ് ഒന്നു മൂത്രമൊഴിക്കണമെന്നുതോന്നിയാല്‍ രണ്ടു ടിന്‍ ബിയറിന്റെ കാശുചെലവാക്കെണ്ടിവരും.

സാധാരണഗതിയില്‍ തീര്‍ത്തും സന്തോഷകരമായ് യൂറിന്‍ പാസ്സ് ചെയ്യുന്ന എന്നെ ഞെട്ടിച്ചുകൊട്...വളരെ രൂക്ഷഗന്ദമുള്ള യൂറിനാണ് പുറത്തുവരുന്നത്.


അയ്യോ..എനിക്ക് എന്തോ സംഭവിച്ചു...ദൈവമെ എന്റെ കിഡ്നി നിന്നനിപ്പില്‍ അടിച്ചുപോയോ...ഭഷ്യവിഷബാധാ...

നിനക്കിതുവേണമെടാ...വായും വയറും നോക്കാതെ കണ്ടവസ്തുക്കളെല്ലാം വലിച്ചുകയറ്റുന്ന നിനക്കിതുതന്നെ വേണം.... എന്റെ അന്തക്കരണം എന്നെ കുറ്റപ്പെടുത്താന്‍ ആരംഭിച്ചു...
എനിക്ക് തലകറങ്ങിവീണാലോ എന്നുതോന്നി... എന്തൊക്കെയൊ രാസപ്രവര്‍ത്തനവും മാറ്റങ്ങളും എന്റെ ഉള്ളില്‍ നടക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.... വളരെ കടുത്ത എന്തോ ഒരു ആസിഡാണ് മൂത്രത്തിനു പകരം പുറത്തുവരുന്നത്.


ഒരു പ്രകാരത്തില്‍ ഞാന്‍ പുറത്തിറങ്ങി... എനിക്കുമുമ്പെ അസ്പാരജി കഴിച്ച പലരും പയ‌റുപോലെ നടന്നുപോകുന്നതുകണ്ടപ്പോള്‍ ഞാന്‍ ഒരു നിഗമനത്തിലെത്തി ... ഇത് ആഹാരത്തിന്റെ കുറ്റമല്ലാ...എന്റെ ആന്തരീകാവയവങ്ങളും അസ്പാരജിയും തമ്മില്‍ ഉണ്ടായ ചില ധാരണപിശകുകളുടെ അനന്തരഫലമാണ്.
ഉടന്‍ തന്നെ കൂട്ടുകാരന്‍ മനുവിനെ വിളിച്ച് കാര്യം പറഞ്ഞു...
അവന്‍ ഇവിടെ ഡോക്ടറാകാന്‍ പഠിക്കുവാണല്ലോ...
അസ്പാരജി തിന്നിട്ട് മൂത്രത്തിനു രൂക്ഷഗന്ധം ഉണ്ടായില്ലങ്കിലാണ് പേടിക്കേണ്ടത് എന്ന് മനു പറഞ്ഞപ്പോഴാണ് ആശ്വാസമായത്...

ഇനീം നീ പരീക്ഷണങ്ങള്‍ക്കു മുതിരുമോ എന്ന് അന്തക്കരണം ചോദിച്ചപ്പോല്‍... ഞാന്‍ എന്റെ സൗകര്യം പോലെ പരീക്ഷണം നടത്തും നീ പോടാ കൊരങ്ങെ ...എന്ന് ഞാന്‍ എന്റെ അന്തക്കരണത്തോട് തിരിച്ചടിച്ചു.

അതിനു ശേഷമാണ് ഞാന്‍ അസ്പാരജി ഗവേഷണം ആരംഭിച്ചത്...
അസ്പാരജി കഴിച്ച് പത്തുമിനിറ്റിനുള്ളില്‍ അസ്പാര്‍ട്ടിക്കൊ എന്ന ആസിഡ് ശരീരത്തില്‍ ഉണ്ടാകുന്നു. ഇത് മൂത്രത്തില്‍ കലരുമ്പോഴാണ് ദുര്‍ഗന്ദമുണ്ടാകുന്നത്.

ഗാര്‍ഡനില്‍ ഞാന്‍ കുറേ അസ്പാരജി നട്ടു... മുടങ്ങാതെ നനച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ ചെറുവിരലിന്റെ മുഴുപ്പുള്ള മുളകള്‍ മണ്ണ് പിളര്‍ന്ന് കയറിവരുന്നു... ആദ്യത്തെ വര്‍ഷം ഉണ്ടാകുന്ന മുളകള്‍ ഭക്ഷണ യോഗ്യമല്ലാ എന്ന് ഇവിടുള്ള കൃഷിക്കാര്‍ പറഞ്ഞതുകൊണ്ട് ഞാന്‍ അതിനെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചില്ലാ....
ചെറുവിരലിന്റെ മുഴുപ്പില്‍ കയറിവന്ന മുളകള്‍ ഒരു ചാണ്‍ നീളത്തില്‍ മണ്ണിനു മുകളില്‍ വളര്‍ന്ന ശേഷം പതിയെ ഇലയും തണ്ടും ഒക്കെയായ് വളരാന്‍ തുടങ്ങി... പിന്നെ വള്ളിപോലെ അതൊരു പോക്കാരുന്നു...ഇലകള്‍ പൂക്കള്‍ ചെറിയ കായ്കള്‍... അപ്പോള്‍ ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടെ ഞെട്ടി...കാരണം നമ്മുടെ നാട്ടിലൊക്കെ കല്യാണപ്പെണ്ണിന്റെ ബൊക്കയില്‍ മോടികൂട്ടാന്‍ ഉപയോഗിക്കുന്ന എവര്‍ഗ്രീന്‍ എന്ന ഇലകളില്ലെ ... അതും അസ്പാരജിയും ഒന്നുതന്നെ.

ധൈര്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍...എവര്‍ഗ്രീന്‍ എന്ന ചെടിയുടെ മുളകള്‍ പൊട്ടിവരുന്നത് ഒരു ചാണ്‍ നീളത്തില്‍ മുറിച്ച് പുഴുങ്ങിത്തിന്നു...എന്നിട്ട് മൂത്രമൊഴിച്ചുനോക്കു... അസ്പാര്‍ട്ടിക്കോ ആസിഡ് വന്നില്ലെങ്കില്‍ എന്നെ ദേ...ഇങ്ങനെ വിളിച്ചോ...

ഇനി ഒരു അപ്സരാ ജി പാസ്ത ഉണ്ടാക്കി കാണിക്കാം...

മെക്സപെന്നെ കോണ്‍ അസ്പാരജി
(അന്‍സാരികള്‍...)

1. മെക്സപെന്നെ - 400 ഗ്രാം
(ഒരു തരം പാസ്ത...ഫൗണ്ടന്‍പേനയുടെ നിബ് പോലെ ചരിച്ചുവെട്ടിയ ഷേപ്പാണ് ഇതിനു അതിനാല്‍ ഈ പേരുപറയുന്നു...എന്താ മനുഷ്യന്റെ ബുദ്ധി)
2. അസ്പാരജി - 400 ഗ്രാം ‍
3. വെളുത്തുള്ളി - 1അല്ലി
4. തക്കാളി - 2 എണ്ണം
5. ഒലിവോയില്‍ (എ.വേ) - ആവശ്യത്തിനു
6. ഉപ്പ് -ആവശ്യത്തിനു

പാചകം ചെയ്യേണ്ടവിധം

തക്കാളി തിളപ്പിച്ച് കുരുവും തൊലിയും കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിയുക. അസ്പാരജി നന്നായ് കഴുകി ഒരിഞ്ചുനീളത്തില്‍ അളന്നുമുറിക്കുക.

സോസ് തയ്യാറാക്കാം ... ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോല്‍ വെളുത്തുള്ളി അരിഞ്ഞുവെച്ചിരിക്കുന്ന അസ്പാരജി എന്നിവ ചേര്‍ത്ത് മൂടിവച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കികൊടുക്കണം. പാതി വേവായ്കഴിയുമ്പോല്‍ ആവശ്യത്തിനു ഉപ്പും തക്കാളി കഷണങ്ങളും ചേര്‍ത്തിളക്കി മൂടിവെച്ച് വീണ്ടും വേവിക്കുക ഒരു പതിനഞ്ചു മിനിറ്റുമതിയാവും...സോസ് റെഡി...

വലിയ പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഉപ്പ് ചേര്‍ത്ത് 'മെക്സപെന്നെ' എന്ന പാസ്തയെ പുഴുങ്ങിയെടുക്കുക...വെള്ളം തോര്‍ത്തിയെടുക്കുക...തയ്യാറാക്കിയ സോസില്‍ മിക്സ്ചെയ്യുക...
മെക്സപെന്നെ കോണ്‍ അസ്പാരജി എന്ന പാസ്ത റെഡി...


ബോണ്‍ അപ്പത്തീത്തോ.

7 comments:

സുന്ദരന്‍ said...

അടുത്തുവന്നപ്പോല്‍ മുരിങ്ങാക്കായുമായ് വല്യബന്ധമില്ലാത്ത ഒരു സംഗതി ആണെന്നു മനസിലായ്. അതിന്റെ പേര് 'അസ്പാരജി' എളുപ്പത്തിനു ഞാന്‍ അതിനെ 'അപ്സര ജി' എന്നു വിളിക്കും...സംഭവം സൂപ്പര്‍...

Vishnuprasad R (Elf) said...

അസ്പാരജി കുറച്ച് ഇ-മെയില് ആയി അയയ്ച്ചു തരുമോ . അത് തിന്നിട്ടു വേണം , അയല്‍വാസിയുടെ മുറ്റത്ത് രാത്രി പോയി മൂത്രം ഒഴിച്ച് വയ്ക്കാന്‍

ബാബുരാജ് ഭഗവതി said...

സുന്ദരന്‍ തന്നെയല്ലേ?
ഹ് ഹ ഹ ഹ...
വിവരണം രസകരം.
ഒരു ഈസിനസ്സ് തോന്നി.
ഈ ബ്ലോഗ് ഞാന്‍ ആദ്യമായാണ് വായിക്കുന്നത്.
ഭാഷ നന്നായിട്ടുണ്ട്.
ആശംസകള്‍

തമനു said...

ഹഹഹഹ ..... ഡോണിന്റെ കമന്റ് ഒരൊന്നൊന്നരക്കമന്റ് ... :)

സുന്ദരാ തനിക്ക് വല്ല കപ്പേം മത്തിക്കറീം കഴിച്ച് നടന്നാപ്പോരേ ...? ഇനി ദുര്‍ഗന്ധം വേണമെന്ന് നിര്‍ബന്ധമാണേല്‍ രണ്ട് ദിവസം പഴകിയ ബീഫും, ചക്കക്കുരു മെഴുക്കുപുരട്ടിയും കൂടി കഴി.. :)

ഫോണ്‍ അപ്പറത്തീഞ്ഞോ ... :)

ആഗ്നേയ said...

ഈ അപ്സരാജിയല്ലേ നമ്മുടെ ആസ്പരാഗസ്?
ഇതിന്റെ ഒരു മലയാളി ബന്ധുവല്ലേ ശതാവരി?അതേ..അതേ..അതേ..

നവരുചിയന്‍ said...

അകപാടെ സന്തോഷം കിട്ടുന്ന ഒരു സമയം മുത്രം ഒഴിക്കാന്‍ പോകുമ്പോള്‍ ആണ് . ഇനി ഈ പണ്ടാരം തിന്നു അത് കൂടെ ടെന്‍ഷന്‍ ആകണം അല്ലെ ...പിന്നെ ഈ പുല്ല് ഇവിടെ കിട്ടാത്തത് കൊണ്ടു രക്ഷപെട്ടു

Inji Pennu said...

ഇത് കൊള്ളാലോ സുന്ദരാ...റെസിപ്പിയോടൊപ്പം ഉള്ള പോസ്റ്റുകളും.

പടം കൂടിയിടൂ...ആ മുറ്റത്ത് കുഴിച്ചിട്ട് അസ്പരാഗസും അതിനെ ഡിഷ് ആക്കിയതും..