Thursday 8 May 2008

കസതാഞ്ഞ (chestnut) ഉണക്കചെമ്മീന്‍ ചാറുകറി

. (castanga/chestnut ...പടം നെറ്റില്‍നിന്നും....)



അപ്പം കായ്ക്കുന്ന മരം എന്നാണ് ഇറ്റലിക്കാര്‍ കസ്താഞ്ഞ മരത്തെ വിശേഷിപ്പിക്കുന്നത്. ഇറ്റാലിയന്‍ കലപവൃക്ഷമെന്ന് വിളിച്ചാലെന്താന്ന് ഞാനും. കാരണം കസ്താഞ്ഞ മനുഷ്യനു അത്യാവശ്യം വേണ്ടുന്ന എല്ലാ പോഷകങ്ങളും നല്‍കാന്‍ കഴിവുള്ള ഒരു ആഹാരമായ് കണക്കാക്കുന്നു. മരത്തിന്റെ ഇല ആട് മാടുകള്‍ക്ക് ഉത്തമ ഭക്ഷണമാണ്. തടി നല്ല ഉറപ്പുള്ളതും വീടുപണിയാന്‍ അത്യുത്തമവും. ശിഖരങ്ങള്‍ മുറിച്ചുണക്കിയാല്‍ വല്യ തണുപ്പുവരുമ്പോള്‍ കത്തിക്കാം. ഒരു ഗ്രാമവാസിക്ക് ഇതിലപ്പുറം ഒരു മരത്തില്‍ നിന്നും എന്തുകിട്ടണം ...കല്പവൃക്ഷം തന്നെ.




ഒരു കൊട്ടടക്കയോളം പോന്ന ഈ കായ് ഇത്രയ്ക്കും മിടുക്കനായതിനാലാണല്ലോ പല ഇറ്റാലിയന്‍ ഗ്രാമങ്ങളും സീസണില്‍ കസ്താഞ്ഞ ഫെസ്റ്റുവല്‍ തന്നെ കൊണ്ടാടുന്നത്. ഒക്ടോബര്‍/നവംബര്‍ മാസങ്ങളിലാണ് കസ്താഞ്ഞ ഫെസ്റ്റ്.




റോമില്‍ നിന്നും സുമാര്‍ മുപ്പതുകിലോമീറ്റര്‍ അകലെയുള്ള റോക്കാദിപാപ്പ എന്ന ഗ്രാമം. യാത്രക്കിടയില്‍ ഏക്കറുകണക്കിനു കസ്താഞ്ഞ കാടുകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളും ഈ ഗ്രാമത്തില്‍ ധാരാളം. ഒരിക്കല്‍ കസ്താഞ്ഞപെരുന്നാളിനു മലമുകളിലുള്ള ഗ്രാമത്തില്‍ പോയത് അവിസ്മരണീയമായ അനുഭവമാണ്. വഴിയോരത്തുമുഴുവന്‍ കസ്താഞ്ഞ ചുടുന്നവരുടെ തിരക്ക്, പാട്ട് നൃത്തം. ആറ്റുകാല്‍ പൊങ്കാലയോടോ ഇടപ്പള്ളിയിലെ കോഴിപ്പെരുന്നാളിനോടോ ഇതിനെ ഉപമിക്കാന്‍ പറ്റില്ലാ. അതിലും കളര്‍ഫുള്‍. ഇഷ്ടമ്പോലെ കസ്താഞ്ഞ ചുട്ടത് തിന്നാം. ഗ്രാമത്തിലെ വീഞ്ഞുകുടിക്കാം. തഞ്ചത്തിനും തരത്തിനും നിന്നാല്‍ കുറേ ഉമ്മേം കിട്ടും (ഇതു ഫെസ്റ്റിന്റെ ഭാഗമല്ലാ).




കസ്താഞ്ഞയില്‍ പല ക്വാളിറ്റികളുണ്ട്. ഏറ്റവും മികച്ച ഇനത്തിനെ മറോണി എന്നുവിളിക്കും. ചൂടന്‍ മറോണി പത്തെണ്ണം ഒരു കുമ്പിളില്‍ നിറച്ച് എനിക്ക് സമ്മാനിച്ചിട്ട് വിത്തോറിയോ അപ്പൂപ്പന്‍ പറഞ്ഞു...


'ആദ്യമായിട്ടല്ലെ ...കഴിക്കൂ...എന്നിട്ട് അഭിപ്രായം പറയു...'


ഞാന്‍ കഴിച്ചു .... അഭിപ്രായം പറഞ്ഞു...


'ചക്കക്കുരു....'

ഇതു ഞങ്ങളുടെ നാട്ടുകവലയില്‍‍ പഞ്ഞക്കര്‍ക്കിടമാസത്തില്‍ വറുത്തും ചുട്ടും തിന്നിരുന്ന ...തലെവര്‍ഷത്തെ ചക്കക്കുരു.


നമ്മുടെ നാട്ടില്‍ പ്ലാവിനെ ആരും അപ്പം കായ്ക്കുന്ന മരമെന്നോ ...കല്പവൃക്ഷം എന്നോ വിളിക്കാറില്ലാ. എങ്കിലും ഞാന്‍ പറയുന്നു.... എന്തുകൊണ്ടും ഇറ്റാലിയന്‍ കസ്താഞ്ഞയെക്കാള്‍ കേരളത്തിലെ പ്ലാവുകള്‍ തന്നെ മിടുക്കന്മാര്‍. തെളിയിക്കാം.


കസ്താഞ്ഞ ഇല ‌- ആട് പശു എന്നിവയ്ക്ക് തീറ്റയായ് ഉപയോഗിക്കാം

പ്ലാവില - ആട് പശു എന്നിവയ്ക്ക് തീറ്റയായ് ഉപയോഗിക്കാം, വളച്ചുകുത്തിയാല്‍ കഞ്ഞി കോരിക്കുടിക്കാം, കുട്ടികള്‍ക്ക് കാറ്റാടി ഉണ്ടാക്കി കളിക്കാം


കസ്താഞ്ഞ തടി - വീട് പണിക്കുപയോഗിക്കാം, ഫര്‍ണ്ണിച്ചര്‍ ഉണ്ടാക്കാം, വിറകിനുപയോഗിക്കാം

പ്ലാവിന്‍ തടി - വീട് പണിക്കുപയോഗിക്കാം, ഫര്‍ണ്ണിച്ചര്‍ ഉണ്ടാക്കാം, വിറകിനുപയോഗിക്കാം


കസ്താഞ്ഞകുരു - ആഹാരത്തിനുപയോഗിക്കാം

പ്ലാവിങ്കുരു(ചക്കക്കുരു) - ആഹാരത്തിനുപയോഗിക്കാം




കസ്താഞ്ഞ ഇവിടെ സുല്ലിടുകയാണ്.... പ്ലാവ് യാത്ര തുടരുന്നു..


ഇടിച്ചക്ക, കൊത്തച്ചക്ക, മൂത്ത ചക്ക, ചക്കപ്പഴം - ഇതെല്ലാം ബോണസ്
ചക്കമടല്‍ - മുള്ളുചെത്തിക്കളഞ്ഞിട്ട് അതും കറിവയ്ക്കാം -മുള്ളുപോലും ചെത്താതെ ആടുമാടുകള്‍ക്ക് തീറ്റകൊടുക്കാം. തെങ്ങിന്റെ ചുവട്ടില്‍ തട്ടിയാല്‍ ചീയുമ്പോള്‍ നല്ല വളം.
കൂഞ്ഞില്‍ (ചക്കയുടെ നട്ടെല്ല്) - ഇതിനെയും കറിവയ്ക്കാം, ആടുമാടുകള്‍ക്കുതിന്നാം, കുട്ടികള്‍ക്ക് രാമായണം കളിക്കുമ്പോള്‍ ഗഥയായ് ഉപയോഗിക്കാം.
ചക്കക്കുരുവിന്റെ പാട - വറുത്തുതിന്നാന്‍ പഷ്ട്..
ചക്കയരക്ക്/മൊളഞ്ഞീന്‍/വെളിഞ്ഞീന്‍ (ആ പശപോലെ ഒട്ടണ സാധനം) - മരക്കൊമ്പില്‍ വച്ചാല്‍ കിളിയെപിടിക്കാം. പച്ചഈര്‍ക്കിളില്‍ പറ്റിച്ച് കാശുകുടുക്കയില്‍നിന്നും/ഭണ്ഡാരത്തില്‍നിന്നും പണം ചോര്‍ത്താം


ഇനിപറയൂ ...ചക്കമരമോ കസ്താഞ്ഞമരമോ കേമന്‍...


ഒരിക്കല്‍ വിത്തോറിയോ അപ്പൂപ്പന്റെ വീട്ടുവളപ്പിലെ കസ്താഞ്ഞമരത്തിന്റെ കൊമ്പുകള്‍ കാറ്റത്തൊടിഞ്ഞുചാടി. കൊച്ചുമകന്‍ റോബര്‍ത്തോ ടെലഫോണീല്‍ വിളിച്ചപ്പോള്‍ വെറുതെ ഒരു വിശേഷം പറഞ്ഞതാണ്. ഒരുപാട് മൂപ്പെത്താത്ത കസ്താഞ്ഞകള്‍ വീണുപോയെന്നും പറഞ്ഞു. മൂപ്പെത്താത്ത കസ്താഞ്ഞകള്‍ കളയാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലാത്രേ.


ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്നിലെ പാചകകാരന്‍ സടകുടഞ്ഞെഴുന്നേറ്റു...

ഗെറ്റ് സെറ്റ് ഗോ...

വല്യ ഒരു സഞ്ചിയുമായ് ഞാന്‍ മലമുകളീല്‍ പോവുകയും മൂപ്പെത്താത്ത കസ്താഞ്ഞ വാരിയെടുത്ത് മലയിറങ്ങുകയും വീട്ടില്‍ കൊണ്ടുവന്നു... തോരന്‍, മെഴുക്കുപുരട്ടി, മാങ്ങയുടെകൂടെയിട്ട്, സാമ്പാറില്....എന്നുവേണ്ട ചക്കക്കുരു എന്തെല്ലാം കറികള്‍ക്കുപയോഗിക്കുമോ അവിടെല്ലാം ഉപയോഗിച്ചു.



പരിചയമുള്ള മലയാളികളില്‍ പലര്‍ക്കും കറി സമ്മാനം കൊടുത്തു....


കറികൂട്ടിയിട്ട് അല്പോന്‍സാന്റി ചോദിക്കുവാ ആരാ നാട്ടീന്നെ വന്നതെന്ന്....



'എത്രകാലായ് ഇത്തിരി ചക്കക്കുരുകൂട്ടാന്‍ കൂട്ടിട്ട്' എന്നുംപറഞ്ഞ് പലരും പാസ്ത എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുകയും അരികഴുകി അടുപ്പത്തിടുകയും ചെയ്തു.




ഒരു പരീക്ഷണം ഇങ്ങനെയായിരുന്നു...


മൂപ്പെത്താത്ത ചെസ്റ്റ്നട്ട് - ഇരുപത്തഞ്ചെണ്ണം

ഉണക്കചെമ്മീന്‍ - 50ഗ്രാം (അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടമ്പോലെ...)

തേങ്ങ - ഒരെണ്ണം

സബോള - ഒരെണ്ണം

പച്ചമുളക് - നാലെണ്ണം

കറിവേപ്പില - എട്ട്/പത്ത് ഇല

കടുക് - നൂറ് നൂറ്റിയിരുപത് എണ്ണം (അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടമ്പോലെ)

മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി, എണ്ണ - ആവശ്യത്തിനു



പാചകം ചെയ്യുന്ന വിധം.


ചെസ്റ്റ്നട്ടിന്റെ പരിപ്പെടുത്ത് കഴുകി ചെറുതായ് അരിയുക, സബോള അരിഞ്ഞെടുക്കുക.

അതിനു ശേഷം ഒരു കഡായിയില്‍ കുറച്ച് എണ്ണയൊഴിച്ച് അടുപ്പില്‍ വയ്ക്കുക തീ കത്തിക്കുക, ചൂടാകുമ്പോള്‍ സബോള അരിഞ്ഞത് നന്നായ് വഴറ്റിയ ശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി ഇതെല്ലാം മനോധര്‍മ്മം‌പോലെ ചേര്‍ത്ത് ഇളക്കി (കരിയാതെനോക്കണെ...തീകുറച്ചിടണം) പരുവമാവുമ്പോള്‍ വെള്ളം ചേര്‍ക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ അറിഞ്ഞുവച്ചിരിക്കുന്ന ചെസ്റ്റ്നട്ട് ഇട്ട് മൂടിവച്ച് വേവിക്കുക.



ഈ സമയത്ത് കഴുകിവാരിയെടുത്ത ചെമ്മീന്‍ ഒരു പാനില്‍ ഒന്നു ചൂടാക്കിയെടുത്തിട്ട് കാലും തലയും വാലുമൊക്കെ ഒടിച്ച് തയ്യാറാക്കി വയ്ക്കുക. തേങ്ങ ഉടച്ച് വെള്ളം ഇഷ്ടമാണെങ്കില്‍ കുടിക്കാം ...ഒരു മുറി ചിരവയോ നഖമോ ഉപയോഗിച്ച് മാന്തിപ്പറിച്ചെടുക്കുക... നന്നായ് അരച്ചെടുക്കുക.


ചെസ്റ്റ്നട്ട് വേവാന്‍ ഇനിയും സമയമെടുക്കുമെങ്കില്‍, ബാക്കിയിരിക്കുന്ന തേങ്ങമുറി കൊത്തിത്തിന്നുകൊണ്ടിരിക്കുകയോ... കടുക് ഒന്നുകൂടി എണ്ണി തിട്ടപ്പെടുത്തുകയോ ചെയ്യാം.


പാതിവേവുകഴിഞ്ഞ ചെസ്റ്റ്നട്ടില്‍ ചെമ്മീന്‍ ചേര്‍ക്കുക, ഉപ്പു ചേര്‍ക്കുക, കറിവേപ്പില ഇടുക... വേവു പൂര്‍ത്തിയാകാന്‍ കാത്തിരിക്കുക. പിന്നീട് അരച്ച തേങ്ങചേര്‍ത്ത് തിളപ്പിക്കാം ചാറ്കൂടുതല്‍ വേണമെങ്കില്‍ ഇവിടെ അഡ്ജസ്റ്റ്ചെയ്തോണം.


അവസാനമായ് കടുക്.. കടുക്പൊട്ടിച്ച് കറിയില്‍ ചേര്‍ക്കുക... ചെസ്റ്റ്നട്ട് ഉണക്കചെമ്മീങ്കറി റെഡി...


(പച്ചമുളക് ഇടാന്‍ മറന്നു... അടുത്തപ്രാവശ്യം മറക്കരുത്. ഇപ്പോള്‍ കറി ഇഷ്ടമാകാത്തവര്‍ക്ക് മുളകുടച്ച് ഉപ്പുനീരും അല്പം വെളിച്ചെണ്ണയും കൂട്ടിചാലിച്ച് ചോറുണ്ണാലോ...‍ )

12 comments:

സുന്ദരന്‍ said...

നമ്മുടെ നാട്ടില്‍ പ്ലാവിനെ ആരും അപ്പം കായ്ക്കുന്ന മരമെന്നോ ...കല്പവൃക്ഷം എന്നോ വിളിക്കാറില്ലാ. എങ്കിലും ഞാന്‍ പറയുന്നു.... എന്തുകൊണ്ടും ഇറ്റാലിയന്‍ കസ്താഞ്ഞയെക്കാള്‍ (chestnut) കേരളത്തിലെ പ്ലാവുകള്‍ തന്നെ മിടുക്കന്മാര്‍. തെളിയിക്കാം.

Inji Pennu said...

അടിപൊളി. ഇതൊന്നു പരീക്ഷിക്കണം
ഞാനും ഇറ്റലയില്‍ വെച്ച് കഴിച്ചപ്പോള്‍ ഇദ് നമ്മുടെ ചക്കക്കുരു എന്ന്‍ തന്നെയാ പറഞ്ഞത്. ശ്ശെടാ, കറി വെക്കാമെന്നൊരു ബുദ്ധി അന്ന് പോയില്ല. ഉഗ്രന്‍!
താങ്ക്സ്!

Inji Pennu said...

ഗൊര്‍ഗെന്‍സോള എന്ന് ബ്ലോഗിന്റെ പേര് കണ്ടു. അര്‍ത്ഥം എന്താണ്?

സുന്ദരന്‍ said...

ഇഞ്ചിപ്പെണ്ണിനു നന്ദി...
ആദ്യമായിട്ടല്ലെ എന്റെ ബ്ലോഗില്‍ വരുന്നത്...
സ്വിസ്ബ്ലോഗര്‍ ദീപു ഇറ്റാലിയന്‍ ഐറ്റംസ് എന്തെങ്കിലും പരീക്ഷിക്കണമെന്ന് തോന്നുമ്പോള്‍ ചാറ്റില്‍ വന്ന് എന്നോട് സംശയങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. ചാറ്റില്‍ എഴുതുന്ന കാര്യങ്ങള്‍ ഒരു ബ്ലോഗുതുടങ്ങി പോസ്റ്റാക്കി ഇടാന്‍ ദീപുവാണ് നിര്‍ദ്ധേശിച്ചത്... അവന്‍ തന്നെ സജസ്റ്റ് ചെയ്തപേരാണ് 'ഗോര്‍ഗന്‍സോള'...ഇതൊരുതരം ചീസാണ്... ചിത്രത്തില്‍ പിയര്‍ഫ്രൂട്ടിനോടൊപ്പം വച്ചിരിക്കുന്നതാണ് സംഭവം.

ചെസ്റ്റ്നട്ട് കറിവയ്ക്കുമ്പോള്‍ ഒരു കാര്യം മറക്കരുത്... ചക്കക്കുരു വറുക്കാനുപയോഗിക്കുന്നത് നന്നായ് മൂത്തുപഴുത്തചക്കയുടെ കുരു വെള്ളംപറ്റിയശേഷമല്ലെ... അപ്പോള്‍ അതിനൊരു ഇളം‌മധുരം തോന്നില്ലെ... ചെസ്റ്റ്നട്ടിന്റെയും സ്ഥിതി അതുതന്നെയാണ്... മൂത്ത് താഴെവീഴുമ്പോള്‍ ഇളം‌മധുരമുണ്ടാവും..കറിക്ക് അത്രപന്തിയല്ലാ... ഞാനിട്ടിരിക്കുന്ന ചിത്രത്തില്‍ പച്ചനിറത്തില്‍ കാണുന്ന കായില്ലെ...ആ തരമാണ് കറിവയ്ക്കാന്‍ നല്ലത്..

കമന്റിനു ഒരിക്കല്‍കൂടി നന്ദി...

t.k. formerly known as thomman said...
This comment has been removed by the author.
ആഷ | Asha said...

സുന്ദരനു ഭയങ്കര ഐഡിയ സ്റ്റാര്‍ സിംഗര്‍ ആണല്ലോ :)
ഇനിയിപ്പോ ഈ കറി ഞങ്ങ ഇറ്റലീ വരുമ്പോ വെച്ചു തന്നാ മതിയേ. അതുവരെ മുളകിടിച്ച് ഉപ്പും എണ്ണേ ചേര്‍ത്ത് ഞങ്ങ ചോറുണ്ടോളാം.

നമ്മടെ പ്ലാവിനോളം വരുല്ലാല്ലേ ഈ സംഗതി :)

t.k. formerly known as thomman said...

സ്യൂറിച്ചിലെ ഒരു വഴിവക്കില്‍ നിന്ന് ഈ സാധനം (അവിടെ മറോണി എന്നാണെന്നു തോന്നുന്നു ഇതിന്നെ പറയുന്നത്, ഉറപ്പില്ല; പക്ഷേ, വിവരണത്തില്‍ നിന്ന് കഴിച്ച സാധനം ഇതുതന്നെയെന്ന് ഉറപ്പ്) ചുട്ടത് വാങ്ങിക്കഴിച്ചപ്പോള്‍ എനിക്കും തോന്നി ചക്കക്കുരുവിന്റെ സ്വാദ്. നമ്മുടെ നാട്ടുകാര്‍ക്കൊന്നും ചക്കക്കുരുവിന്ന് യാതൊരു മീച്ചവുമില്ലെന്ന കാര്യവും. 2-3 ഫ്രാങ്കിന് ഒരു ചെറിയ പൊതിയേ കിട്ടിയുള്ളൂ.

ചക്കക്കുരുവും ഉണക്കച്ചെമ്മീനും പച്ചമാങ്ങയും വച്ചത് കഴിച്ചിട്ടുണ്ടോ?

sandoz said...

അടുത്തത് ഇറ്റാലിയന്‍ വാഴപ്പിണ്ടി കൊണ്ടുള്ള ഒരു ഐറ്റം ആയിക്കോട്ടെ...
‍[ചേടത്തിമാരേ...ചേട്ടന്മാരേ..ചക്കക്കുരു അധിക തിന്നണ്ടാട്ടാ..]

ശാലിനി said...

സുന്ദരാ, ഈ ഗൊര്‍ഗന്‍സോളയില്‍ എഴുതുന്നതൊന്നും ഉണ്ടാക്കി നോക്കില്ലെങ്കിലും എല്ലാ പോസ്റ്റുകളും വന്ന് വായിക്കാറുണ്ട്.

റോമാകാഴ്ചകളില്‍ ഒന്നും എഴുതുന്നില്ലേ?

ചക്കയരക്ക് വച്ച് കിളിയെ പിടിക്കാമോ? ഞങ്ങള്‍ തുമ്പിയെ ആണ് പിടിച്ചിരുന്നത്, പിന്നെ കുടുക്കയില്‍ നിന്ന് പൈസയെടുക്കാനും :)

ചക്കകുരു, മങ്ങാ (+/- ഉണക്കചെമ്മീന്‍) - രാവിലെ വായില്‍ വെള്ളം നിറഞ്ഞു.

പിരിക്കുട്ടി said...

njaan ellam vaayikkuvane sundaraaaaaaaa

Wrapped Around My Daughter's Finger Club said...

To Injipennu, Gorgonzola is an Italian Blue Cheese =)

shaiju elanjikkal said...

എനിക്കിതൊരു പുതിയ അറിവായിരുന്നു ചെമ്മീന്‍ കൂട്ട് ഉള്ള പരീക്ഷണം അടിപൊളി ....ഇതു പര്രെക്ഷിച്ചു നോക്കാം നന്ദി....