Wednesday 23 July 2008

ചൊറിയണം പരിപ്പിട്ടുകറി


(ortica/nettle -
സ്വിസ്സ് മലനിരകളില്‍ കൂട്ടമായ് വളരുന്ന ചൊറിയണം...ഒരു മഹാസദ്യക്കുള്ള വകയുണ്ട്... മലകയറി പടം‌മെടുത്തത് ബ്ലോഗര്‍ കുഞ്ഞന്‍സ്)


'ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്....
അതില്‍ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍.....'
എന്നൊക്കെ പാടി കെട്ട്യോള് ബഡ്റൂമിലു കുട്ടീനെ ഉറക്കാന്‍ ശ്രമിക്കണ ഒരു ഉച്ചനേരത്ത് ഞാന്‍ അടുക്കളയില്‍ ചൊറിയണം കൊണ്ട് ഒരു പാസ്ത ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു....

അടുക്കളത്തോട്ടത്തില്‍ വിളിക്കാതെ വിരുന്നുവന്നതാണ് ചൊറിയണം.... കാശുകൊടുത്തു വിത്തുവാങ്ങി പാകി മുളപ്പിച്ചു ദിവസവും രണ്ടുനേരം നനച്ചും ഇടയ്ക്കൊക്കെ വളം ചെയ്തും തൊട്ടും തലോടിയും പരിപാലിച്ചു കൊണ്ടിരുന്ന തുളസി, വഴുതന, ലറ്റൂച്, തക്കാളി എന്നിവയൊക്കെ വളരണോ വേണ്ടയോ...വളരണോ വേണ്ടയോ എന്ന് ചിന്തിച്ചു നില്‍ക്കണ നേരത്ത് ഒരു ചെലവുമില്ലാതെ വന്നുകയറിയ ചൊറിയണം തഴച്ചുവളരുന്നു. അതിനു വെള്ളവും കൊടുത്തില്ലാ വളവും കൊടുത്തില്ലാ... തൊടാനും തലോടാനും പോയിട്ട് അതിനെ ഒന്നു പിഴുതുകളയാന്‍ അടുത്തേയ്ക്ക് പോകാന്‍ തന്നെ പേടി, നാട്ടുകവലയില്‍ വച്ചുതന്നെ ഇവനെ എനിക്ക് പരിചയമുണ്ട്. ഞങ്ങളുടെ തൊടിയില്‍ ഈ ജാതി 'സ്ക്രാച്ചിത്തുമ്പകള്'‍ ധാരാളമുണ്ടായിരുന്നു.


എന്തിനാണീശ്വരാ വെറുതെ ചൊറിയാന്‍ മാത്രമായീട്ട് ഒരു ചെടിയെ അവിടുന്നു ഭൂമിയില്‍ സൃഷ്ടിച്ചത്.... ഒരു വെറൈറ്റി ഇരിക്കട്ടെ എന്നോര്ത്തായിരുന്നെങ്കില്‍ വല്ലപപ്പടമോ അവുലോസുണ്ടയോ കായ്ക്കുന്നമരം സൃഷ്ടിച്ചുകൂടായിരുന്നോ?... അല്പഞ്ജാനിയായ ഞാന്‍ ഇങ്ങനെ ദൈവനിന്ദ വെറുതെ ഒന്ന് ഓര്‍ത്തതെയൊള്ളു ഗാര്‍ഡനിലെ പൈപ്പ് പൊട്ടി....

'അയ്യയ്യാ ബീഗാലാന്റ്...ബീഗാലാന്റ് ...' എന്നും പറഞ്ഞ് അപ്പുറത്തെവീട്ടിലെ മാത്യൂച്ചായന്റെ പനിപിടിച്ചുകിടന്ന മൂന്നുവയസുകാരന്‍ ഓടിവരുന്നു...

'കേ...സൂചേസോ.???.' (എന്തൂട്ടാ സംഭവം) എന്നും ചോദിച്ച് താഴത്തെ നിലയില്‍ താമസിക്കുന്ന വഴക്കാളി ഇറ്റാലിയന്‍ വെല്യമ്മ....


അയ്യൊ ..ഞാന്‍ ഒന്നും ചെയ്തതല്ലാ...എന്റെകുറ്റമല്ലാ എന്നൊക്കെ ഞാന്‍ വിളിച്ചുപറയുന്നുണ്ടെങ്കിലും ചെറിയ ഒരു കുറ്റബോധം ഇല്ലാതിരിന്നില്ലാ.....ദൈവത്തിന്റെ സൃഷ്ടിയുടെ പോരായ്കയെപ്പറ്റി മനസ്സിലെങ്കിലും ഓര്‍ത്തില്ലെ....

ആരൊക്കെയോ സഹായിച്ച് വെള്ളം നിര്‍ത്തി. പൊട്ടിയ പൈപ്പ് മാറിയിടാന്‍ വന്ന പ്ലമ്പര് മണ്ണുകുഴിക്കുന്നതിനുമുമ്പ് എന്നോട് പറഞ്ഞു.... ഈ ഓര്‍ത്തിക്ക (ortica/nettle) ഒക്കെ പറിച്ചെടുത്തോളു...അല്ലെങ്കില്‍ മണ്ണെടുക്കുമ്പോള്‍ നഷ്ടപ്പെട്ടുപോകും...
ചൊറിയണം കാര്യമായിട്ട് പറിച്ചെടുത്ത് വയ്ക്കാന്‍ ഇയാള്‍ പറയുന്നതു കേട്ട് ഞാന്‍ അമ്പരന്നുപോയ്....എന്തിനാ ചേട്ടാ...വെറുതെ എന്നെ ചൊറിയാന്‍ വരുന്നത്.

എനിക്ക് ചൊറിയണത്തെ പറ്റി വെറും തെറ്റായ ധാരണകളെയൊള്ളു എന്നു മനസ്സിലാക്കിയ ആ നല്ലമനുഷ്യന്‍ പണിയെല്ലാം നിര്‍ത്തി ഒരു നീണ്ട ക്ലാസ്സുതന്നെ എടുത്തു... എല്ലാം ഒരു നിമിത്തമായിരുന്നു എന്ന് എനിക്കും ബോധ്യമായ്....

ചൊറിയണം വളരെ രുചികരമാണെന്നും പോഷകങ്ങളുടെ കലവയാണെന്നും പലതരം ഇറ്റാലിയന്‍ വിഭവങ്ങളില്‍ ചൊറിയണ്ണന്‍ പങ്കാളിയാണെന്നതും പുതിയ അറിവായിരുന്നു. എല്ലാവിധ ത്വക്‌രോഗങ്ങള്‍ക്കും ഇതൊരൗഷധം ആണെന്നും ഇങ്ങേരുപറഞ്ഞപ്പോള്‍ എനിക്ക് മറിച്ചുചിന്തിക്കാന്‍ തോന്നിയില്ലാ.... വെയിലേറ്റു തിളങ്ങുന്ന മിനുമിനുത്ത സുന്ദരചര്‍‍മ്മവുമായ് ചേട്ടന്‍ മുന്നില്‍ നില്‍ക്കുന്നു...ജീവിക്കുന്ന ഉദാഹരണംപോലെ. മുടിപൊഴിച്ചിലിനു ഇതിലും നല്ല മരുന്നില്ലാ എന്നു പറഞ്ഞത് അത്രയങ്ങ് വിശ്വസിക്കാനും തോന്നീലാ ....ചേട്ടന്റെ തലയില്‍ മുടി തീരെയില്ലാ!!!

ചൊറിയണം ഞാന്‍ പരീക്ഷിച്ചു.... ഒത്തിരി ഒത്തിരി രീതീല്‍ പരീക്ഷിച്ചു.... എനിക്ക് ഒത്തിരി ഇഷ്ടമായ്, നാട്ടുകവലയില്‍ കാടുപിടിച്ചു വളര്‍ന്ന ചൊറിയണങ്ങളെ വെറുതെ നഷ്ടപ്പെടുത്തിയതില്‍ ഞാനിന്നു നിരാശനാണ്-ഗൂഗിളില്‍ പോയ് ഒന്നു തിരഞ്ഞപ്പോഴല്ലെ ഈ ചൊറിയണം നമ്മുടെ ആയൂര്‍‌വേദത്തിലും വേരുറപ്പിച്ചിരിക്കുന്നു എന്നുകണ്ടത്!!!...


സപഗേത്തി കോണ്‍ ഓര്‍ടിക അഥവ ചൊറിയണന്യൂഡില്‍സ്...

ആവശ്യമുള്ള സാധനങ്ങള്‍...

സപഗേത്തി - 200 ഗ്രാം
ചൊറിയണത്തിന്റെ ഇലകള്‍ (തളിരിലകളാണെങ്കില്‍ വിശേഷം..) - 100 ഗ്രാം
വെളുത്തുള്ളി - ഒരല്ലി
എണ്ണ, ഉപ്പ്, ആവശ്യത്തിനു
ആളുകള്‍ - 2 ( പാസ്ത കഴിക്കാന്‍)
കൈച്ചിരവ - 1 ചെറിയ തരം. (കയ്യുറ ഉപയോഗിക്കതെ ചൊറിയണത്തെ കൈകാര്യം ചെയ്യുന്നവര്‍ക്ക് )

പാചകം ചെയ്യുന്ന വിധം,

ചൊറിയണ ഇലകള്‍ കഴുകി ഒരു പാത്രത്തിലിട്ട് നികക്കെ വെള്ളമൊഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. പത്തുമിനിറ്റ് തിളച്ചുകഴിഞ്ഞാല്‍ ചൊറിയണത്തെ വെള്ളത്തില്‍ നിന്നും തിരിച്ചെടുക്കണം. എന്നിട്ട് ചൊറിയണം പുഴുങ്ങിയെടുത്ത അതെ വെള്ളത്തില്‍ സപഗേത്തിയും വേവിക്കുക.

ഈ സമയത്ത് ഒരു പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി മൂപ്പിച്ചതിനു ശേഷം പുഴുങ്ങിയെടുത്ത ചൊറിയണം ചേര്‍ത്ത് വഴറ്റി സോസ് റെഡിയാക്കാം. സപഗേത്തി വെന്തുകഴിയുമ്പോള്‍ ബാക്കിവരുന്ന വെള്ളം ഊറ്റിക്കളഞ്ഞിട്ട് സോസില്‍ മിക്സ്ചെയ്യാം...

വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു പാസ്തയാണിത്...വെറും 18 മിനിറ്റിനുള്ളില്‍ ആഹാരം ഉണ്ടാക്കി കഴിച്ച് പാത്രവും കഴുകിവയ്ക്കാം...


ചൊറിയണം പരിപ്പിട്ടുകറി

ആവശ്യമുള്ള സാധനങ്ങള്‍

പരിപ്പ് - 100 ഗ്രാം
ചൊറിയണം - ഒരു പിടി
സബോള - 1
വെളുത്തുള്ളി -1അല്ലി
കറിവേപ്പില - 1 തണ്ട്
ഉപ്പ്, മുളകുപൊടി, എണ്ണ - ആവശ്യത്തിനു

പാചകം ചെയ്യുന്ന രീതി....

പരിപ്പ് വെള്ളം കൂടുതലൊഴിച്ചു വേവിക്കുക പാതി വേവു കഴിയുമ്പോള്‍ കഴുകി വൃത്തിയാക്കിയ ചൊറിയണത്തിന്റെ ഇലയും ഉപ്പും ചേര്‍ത്ത് 10 മിനിറ്റു കൂടി വേവിക്കുക്ക. വെള്ളം തീരെ പറ്റാതെ നോക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കി പൊടിയായ് അരിഞ്ഞ സബോളയും വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിക്കുക. സബോള ബ്രൗണ്‍ നിറം ആകുമ്പോള്‍ മുളകുപൊടിയും ചേത്ത് ഇളക്കുക കരിയാതെ സൂക്ഷിക്കണം.... അതിനു ശേഷം വെന്തുടഞ്ഞ പരിപ്പും ചൊറിയണവും ചേര്‍ത്ത് ഇളക്കി അടുപ്പത്തുനിന്നു താഴെയിറക്കാം. ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ ഈ കറി ഉപയോഗിക്കാം.

8 comments:

സുന്ദരന്‍ said...

ചൊറിയണം പരിപ്പിട്ടുകറി

ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ ഈ കറി ഉപയോഗിക്കാം.

Unknown said...

സുന്ദരാ സൂപ്പര്, അടുത്ത തവണ കാട്ടില് പോകുമ്പോള് കുറച്ച് കൊണ്ടുവന്ന് പരീക്ഷിക്കണം...
അല്പനാളുകള്ക്ക് മുന്പ് ഒരു മലകയറ്റത്തിനു പോയപ്പോള് ഒരു സ്വിസ്‌ ചേട്ടന് ഇതിനെ സൂപ്പാക്കി തന്നു...

ഇല നന്നേചെറുതായി അരിഞ്ഞെടുത്തത് - ൨/൩ കപ്പ് (ഗ്ലൗസിട്ടരിഞ്ഞാല് മതി, വേവിച്ചിട്ട് അരിയാന് പോകരുത് )
ഒരു സവാളയും അത് പോലെ ചെറുതായി അരിയുക

ഒരു പാത്രത്തില് ഒരു സ്പൂണ് എണ്ണയൊഴിച്ച് ചൂടാക്കുക, സവാള അരിഞ്ഞതും ഇലയും അതിലിട്ട് മൂപ്പിക്കുക...
ഒന്ന് ശരിയാകുമ്പോഴേക്കും, വെള്ളമൊഴിച്ച് ഉപ്പും ചേര്ത്ത് നന്നായി വേവിക്കുക.. ഒരല്പം സ്റ്റാര്ച്ചും ചേര്ത്ത് എടുത്താല് അടിപൊളി സൂപ്പായി (നാട്ടില് ആണെങ്കില് കഞ്ഞി വെള്ളമൊഴിച്ച് വേവിക്കാമായിരിക്കും )
ഇനി കുറേച്ചേ ഒരു കപ്പിലെടുത്ത് ഊതി ആറ്റി കുടിക്കുക... (പേടിക്കേണ്ട, മൂന്നാഴ്ച കഴിഞ്ഞിട്ടും എനിക്ക് ഒന്നും സംഭവിച്ചില്ല :) ) ദാ ആ സൂപ്പ് ഓര്ത്തിട്ട് ഇപ്പോഴും നാക്കേന്ന് വെള്ളമൂറുന്നു..

krish | കൃഷ് said...

choRiyaNam choRiyaNam.
Wow!!

siva // ശിവ said...

ചൊറിയനത്തിന് ഔഷ്ധഗുണമുണ്ട് എന്ന് കാന്താരി ചേച്ചിയുടെ ബ്ലോഗ് പോസ്റ്റില്‍ നിന്ന് വായിച്ചിരുന്നു...

ചൊറിയണം കൊണ്ട് കറിയൊക്കെ ഉണ്ടാക്കാം എന്ന് ഇപ്പോഴാ മനസ്സിലായത്...പിന്നെ കുഞ്ഞന്‍സ് സൂപ്പിന്റെ കാര്യവും പറയുന്നു...നിങ്ങള്‍ വെറുതെ പറ്റിക്കാന്‍ പറയുന്നതാണോ...ചൊറിയണമല്ലേ അതാ വീണ്ടും ചോദിക്കുന്നത്...

എനിക്ക് ഒരു സംശയവും ഉണ്ട്...ഇത് കഴിച്ചാണോ സുന്ദരന്‍ (പണ്ട്) സുന്ദരന്‍ആയത്...ഇപ്പോള്‍ എനിക്ക് എല്ലാം മനസ്സിലായി...എനിക്കു വേണ്ടേ ഈ ചൊറിയണം കറി...

സുന്ദരന്‍ said...

ശിവ

'അറിയാവുന്നവര്‍ക്കറിയാം....ഇല്ലാത്തവര്‍ക്ക് ചൊറിയാം....'

ഇത് ഇടക്കാലം കൊണ്ട് നമ്മുടെ നാട്ടില്‍ പറഞ്ഞുകേള്‍ക്കുന്ന ഒരു ശൈലിയാണ്...
ഇത് ചൊറിയനണ്‍ത്തിന്റെ കാര്യത്തില്‍ നൂറു ശതമാനം ശരിയുമാണ്...

recipe nettle എന്ന് ഗൂഗിളില്‍ ഒന്നു സെര്‍ച്ച് ചെയ്തു നോക്കൂ...

നിങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ പച്ചക്കറികള്‍ എവിടെനിന്നുവന്നൂ എന്നോ എങ്ങിനെ ഉണ്ടായ് എന്നോ നിങ്ങള്‍ അറിയുന്നില്ലാ.. അതു പാചകം ചെയ്തു കഴിക്കുമ്പോല്‍ എന്താണ് കഴിച്ചതെന്നും നിങ്ങള്‍ അറിയുന്നില്ലാ... നിങ്ങളുടെ കള്‍മുമ്പില്‍ വളര്‍ന്ന ചൊറിയണം കറിയാക്കി കഴിക്കുമ്പോള്‍ കുറഞ്ഞപക്ഷം എന്താണ് കഴിച്ചതെന്നു നിങ്ങള്‍ക്ക് അറിയാം....

ചീരയുമായ് രുചിയില്‍ അടുപ്പം തോന്നിയതിനാലാണ് ഞാന്‍ ഇതിനെ പരിപ്പിട്ടു കറിയായ് പരീക്ഷിച്ചത്.

ഒന്നു തിളച്ചാല്‍ മാറുന്ന ചൊറിച്ചിലും ഗൗരവവുമൊക്കെയെ ഈ പാവം ചൊറിയണത്തിനൊള്ളു ശിവ...

'ചൊറിയണം ചൊറിഞ്ഞാല്‍ മുട്ടോളം....പിന്നെ ചൊറിഞ്ഞാല്‍ ചട്ടീല്...' എന്ന് കേട്ടിട്ടില്ലെ

Unknown said...

ഒരു ചൊറിയന്‍ തോരനാക്കാമെന്നെ ഇന്നത്തെ
സ്പെഷ്യല്‍

ദേവന്‍ said...

സുന്ദരാ
ഇനി നാട്ടി പോവുമ്പോ ചൊറിയണത്തിനെ കറിയാക്കും. പെരുമണ്‍ പാലത്തിന്റെ രണ്ടുവശത്തും കിലോമീറ്ററുകണക്കിനു വളര്‍ന്നു നില്‍പ്പോണ്ട്‌. ഇതുകൊണ്ട്‌ ഒരു സദ്യ നടത്തീട്ട്‌ ബാക്കി കാര്യം

വേണു venu said...

സുന്ദരാ,
ചൊറിയണനെ കറിയാക്കാമെന്നറിയിച്ചതിനു് നന്ദി.
ഇവനെ ഇവിടെയും കിട്ടും.
ഓ.ടോ.പണ്ടൊരു പാണ്ടി, കിട്ടിയ പച്ചില കൊണ്ടു് ഏതാണ്ടു് തുടച്ചിട്ടു് ഇങ്ങനെ പറഞ്ഞു പോലും. ഇന്ത മലയാളത്തിലെ പച്ചില പാണ്ടി ഒടമ്പുക്കു പിടിക്കാതു.:)